കലിഫോർണിയ ∙ കോവിഡ് വാക്സീൻ സ്വീകരിക്കാത്ത സംസ്ഥാനത്തെ 12 മില്യൻ ആളുകൾക്ക് പ്രോത്സാഹനം നൽകുന്നതിനുദേശിച്ചു ഓരോരുത്തർക്കും 50 ഡോളർ ഗിഫ്റ്റ് കാർഡുകളും വലിയ സമ്മാനപദ്ധതിയും പ്രഖ്യാപിച്ച് കലിഫോർണിയ ഗവർണർ ഗവിൻ നൂസം. 116.5 മില്യൺ ഡോളറിന്റെ സമ്മാനം പത്തുപേർക്ക് നൽകുന്നതിനാണ് മാറ്റിവെച്ചിരിക്കുന്നത്. മറ്റേതൊരു സംസ്ഥാനം നൽകുന്നതിലും വലിയ തുകയാണ് ഗവർണർ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 27 വ്യാഴാഴ്ചയായിരുന്നു ഗവർണറുടെ പുതിയ ഉത്തരവ്.
സംസ്ഥാനത്തെ 20 മില്യൺ പേർക്ക് ഭാഗീകമായി വാക്സീൻ ലഭിച്ചിട്ടുണ്ടെങ്കിലും ശേഷിക്കുന്ന 12 മില്യൻ പേർക്ക് വാക്സീൻ നൽകി കൊറോണയെ പ്രതിരോധിക്കുന്നതിനാണ് ഗവർണറുടെ പുതിയ പ്രഖ്യാപനം. 50 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് ഗ്രോസറി സ്റ്റോറിൽ ഉപയോഗിക്കാവുന്നതാണ്. ഗവർണറുടെ ഉത്തരവുവന്നതോടെ കൂടുതൽ പേർ വാക്സീൻ സ്വീകരിക്കുന്നതിന് മുന്നോട്ടു വന്നു തുടങ്ങി.
ജൂൺ 15 ന് സംസ്ഥാനം പൂർണ്ണമായി പ്രവർത്തനക്ഷമമാകുമെന്നും സാമൂഹിക അകലവും മാസ്ക്കും വേണ്ടിവരില്ലെന്നും ഗവർണർ അറിയിച്ചു. ജൂൺ പതിനഞ്ചിനാണ് സമ്മാന നറുക്കെടുപ്പ്. വാക്സിനേറ്റ് ചെയ്ത 10 പേർക്ക് 1.5 മില്യൺ വീതവും, മുപ്പത് പേർക്ക് 50,000 ഡോളറും ലഭിക്കും. സംസ്ഥാന ഡിസാസ്റ്റർ റെസ്പോൺസ് അക്കൗണ്ടിൽ നിന്നാണ് സമ്മാനതുക നൽകുക. 12 വയസ്സിനു മുകളിലുള്ള 34 മില്യൺ കലിഫോർണിയൻസിൽ 63% പേർക്ക് വാക്സീൻ ലഭിച്ചിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.



