വാഷിംഗ്ടണ്‍: വാക്സിന്‍ നിര്‍മാണ കമ്പനിയായ ഫൈസറിനും അവരുടെ ജര്‍മ്മന്‍ പങ്കാളി ബയോഎന്‍ ടെക് കമ്പനിയ്ക്കുമെതിരേ നിയമനടപടിക്ക് തുടക്കം കുറിച്ച് മൊഡേണ. കോവിഡിനെതിരേയുള്ള തങ്ങളുടെ വാക്സിന്‍ പേറ്റന്റ് ഇരുകമ്പനികളും ലംഘിച്ചതായാണ് മൊഡേണ ആരോപിക്കുന്നത്.

2010നും 2016നുമിടയില്‍ മൊഡേണ സമര്‍പ്പിച്ച പേറ്റന്റുകള്‍ വാക്സിന്‍ നിര്‍മാണത്തില്‍ കമ്പനികള്‍ ഉപയോഗിച്ചെന്നാണ് അമേരിക്കന്‍ വാക്സിന്‍ നിര്‍മാണ കമ്പനിയായ മൊഡേണ പറയുന്നത്. അമേരിക്കയില്‍നിന്നും ജര്‍മ്മനിയില്‍നിന്നും സാമ്പത്തിക നഷ്ടം നേരിട്ടെന്നു ചൂണ്ടിക്കാട്ടിയാണ് മൊഡേണ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ മൊഡേണയില്‍നിന്നും തങ്ങള്‍ക്ക് നിയമനടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഫൈസര്‍ പ്രതികരിച്ചു.

എംആര്‍എന്‍എ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടതാണ് ഇവയില്‍ ഒരു പേറ്റന്റ്. കോവിഡിനു മുന്‍പ് കോടിക്കണക്കിന് ഡോളര്‍ മുടക്കി സമ്പാദിച്ച പേറ്റന്റ് സംരക്ഷിക്കാനാണ് തങ്ങള്‍ നിയമനടപടിയിലേക്ക് നീങ്ങുന്നതെന്ന് മൊഡേണ ചീഫ് എക്സിക്യൂട്ടീവ് സ്റ്റെഫാനെ ബന്‍സെല്‍ വ്യക്തമാക്കി.