പൊന്നാനി (മലപ്പുറം): ചെറുവള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു. കടല്‍ ശാന്തമായതോടെ മത്സ്യബന്ധനത്തിനിറങ്ങിയ ചെറുവള്ളമാണ് ശക്തമായ കാറ്റില്‍പെട്ട്​ മറിഞ്ഞത്​. അപകടത്തില്‍പെട്ടവരെ തീരദേശ പൊലീസും നാട്ടുകാരും ചേര്‍ന്ന് അതിസാഹസികമായി​ രക്ഷപ്പെടുത്തി.

പുതുപൊന്നാനി കുഞ്ഞി മരക്കാരകത്ത് ഫാറൂഖ്, സ്രാങ്കി​െന്‍റ പുരക്കല്‍ ഷാജി എന്നിവരാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാവിലെ പൊന്നാനി മൈലാഞ്ചിക്കാടിന് തീരത്തെ കടലില്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

മത്സ്യബന്ധനത്തിനിറങ്ങിയ ഷാജിയും ഫാറൂഖും സഞ്ചരിച്ച വള്ളം കാറ്റില്‍ മറിയുകയായിരുന്നു. വിവരമറിഞ്ഞ്​ തീരദേശ പൊലീസും ഫിഷറീസും നാട്ടുകാരും അപകടസ്ഥലത്തെത്തി. കടലില്‍ തുഴഞ്ഞു നില്‍ക്കുകയായിരുന്ന തൊഴിലാളികളെ ഉടന്‍ ബോട്ടിലേക്ക് കയറ്റി.പൊന്നാനിയില്‍ കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടം

മത്സ്യ ബന്ധനം നടത്തിയിരുന്ന വലയും ബോട്ടിലേക്ക് വലിച്ച്‌ കയറ്റി. തുടര്‍ന്ന് അപകടത്തില്‍പെട്ട വള്ളം സുരക്ഷ ബോട്ടില്‍ കെട്ടിവലിച്ച്‌ പൊന്നാനി ഹാര്‍ബറിലെത്തിച്ചു.

വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട യുവാക്കള്‍ക്ക് തീരദേശത്തി​െന്‍റ കൈയടി. പ്രക്ഷുബ്​ധമായ കടലില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തിയാണ് മൂവര്‍ സംഘം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്.

പൊന്നാനി പള്ളിപ്പടി സ്വദേശികളായ പുത്തന്‍പുരയില്‍ സാദിഖ്, പാറാക്കാനകത്ത് അജ്മല്‍, സ്രാങ്കി​െന്‍റ ഫാറൂഖ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് രണ്ട് ജീവനുകള്‍ രക്ഷിക്കാനിടയായത്. രാവിലെ പത്തു മണിയോടെ പൊന്നാനി മുല്ലാ റോഡ് പരിസരത്തെ കടല്‍ തീരത്ത് ഇരിക്കുകയായിരുന്നു സുഹൃത്തുക്കളായ മൂവരും.

ഇതിനിടെ കടലില്‍ രണ്ടുപേരെ കണ്ടതോടെ അപകടം തിരിച്ചറിഞ്ഞ യുവാക്കള്‍ ആദ്യമൊന്ന് അന്താളിച്ചു. വള്ളം മറിഞ്ഞുവെന്നറിഞ്ഞതോടെ മത്സ്യബന്ധനത്തിനുപയോഗിക്കുന്ന തെര്‍മോക്കോള്‍ വഞ്ചിയില്‍ കയറി മൂവരും കടലിലേക്കിറങ്ങി. കാറ്റി​െന്‍റ ഗതിക്കനുസരിച്ച്‌ ഏത് നിമിഷവും മാറിമറിയാവുന്ന കടലി​െന്‍റ സ്വഭാവമൊന്നും ചിന്തിക്കാതെയാണ്​ ഇവര്‍ ജീവനുകള്‍ രക്ഷിക്കാനായി പുറപ്പെട്ടത്​.

രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരേക്ക് പരമാവധി വേഗത്തില്‍ തുഴഞ്ഞും നീന്തിയും അപകടത്തില്‍പെട്ടവരുടെ അടുത്തെത്തി. ഈ സമയത്ത് അവശനിലയിലായ മത്സ്യത്തൊഴിലാളികളെ തങ്ങളുടെ തെര്‍മോക്കോള്‍ വഞ്ചിയില്‍ കയറ്റി. വിവരമറിഞ്ഞ് കോസ്റ്റല്‍ പൊലീസി​െന്‍റ ബോട്ടും എത്തി.

തുടര്‍ന്ന് കടലിലുണ്ടായിരുന്ന വലയും തൊഴിലാളികളെയുമുള്‍പ്പെടെ ബോട്ടിലെത്തിച്ച ശേഷമാണ് മൂവരും കരയിലേക്ക് തിരിച്ചത്. ശക്തമായ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത പകര്‍ന്ന യുവാക്കളുടെ രക്ഷാപ്രവര്‍ത്തനത്തിന് തീരത്തിപ്പോള്‍ അഭിനന്ദ പ്രവാഹമാണ്.