കേരളം ഇന്നും ഞെട്ടലോടെ ഓര്‍ക്കുന്ന വാര്‍ത്തയാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം. തന്റെ സംഗീതം കൊണ്ട് ഒരുപാട് പേരുടെ മനസില്‍ സ്പര്‍ശിച്ച പ്രതിഭയായിരുന്നു അദ്ദേഹം. വലിയ വിവാദങ്ങളായിരുന്നു ബാലഭാസ്കറിന്റെ മരണത്തിന് ശേഷം അരങ്ങേറിയത്. കഴിഞ്ഞ ദിവസമായിരുന്നു ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ് വന്നത്. ബാലുവിന്റെ അച്ഛന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
ഇപ്പോഴിതാ ബാലഭാസ്കറിന്റെ സഹോദരി പ്രിയ വേണുഗോപാല്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഹൈക്കോടതി വിധി വന്ന സ്ഥിതിയ്ക്ക് വെറും ‘കാപ്സ്യൂള്‍’ ഒന്നും പോര, ഈ വന്നതും ഇനി വരാനിരിക്കുന്നതും ഹൈഡോസ് ഇന്ജെക്ഷന് ആണ്, ആവണം.. പെട്ടെന്ന് പടരണം, ഏല്ക്കണം, ലഹരി പോലെ! എന്നാണ് പ്രിയ പറയുന്നത്.
കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും ‘വയലിനില്‍ കിലോക്കണക്കിന് സ്വര്‍ണം’ കൊണ്ടുവന്നിരുന്നതും ബാലുച്ചേട്ടന് നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പലരായി ഞെട്ടലും സങ്കടവുമൊക്കെ അറിയിക്കുന്നു, ലിങ്ക് അയച്ചുതരുന്നു..
പക്ഷെ ഞങ്ങള്‍ ഞെട്ടിയില്ല.
വയലിനെ സ്വന്തം ശരീരാവയവം പോലെ കരുതിയിരുന്ന ഒരു കലാകാരന്, ഇത്ര ഡെലിക്കേറ്റ് ആയൊരു ഉപകരണം.. അതില്‍ ബാലുച്ചേട്ടന് മറ്റൊരാളെ അനാവശ്യമായി തൊടാന്‍ പോലും അനുവദിക്കില്ല എന്ന് നിസ്സംശയം പറയാം.
ഞങ്ങള്‍ ഞെട്ടിയത് 2019ല്‍ ഞങ്ങള്‍ സംശയമുന്നയിച്ചവര്‍തന്നെ കള്ളക്കടത്തില്‍ പിടിയിലായപ്പോഴാണ്! ‘വളരെ ലാഭകരമായ’ ‘അപ്പം മെഷീന്’ ബിസിനസ്സിനും ‘കഞ്ഞിക്കട’/റെസ്റ്റോറന്റ് തുടങ്ങാനും, സിനിമാനിര്‍മാണത്തിനും, പിന്നെ സ്വന്തം പ്രൊഡക്ഷന്‍ ഹൌസ് ‘ബാലലീല’ ക്കും (കൂടെയുള്ളവര്‍ തന്നെ ബിസിനസ് പാര്‍ട്ണര്‍സ് ആയിട്ട്) ഒക്കെ സ്വന്തം പണം ബാലുച്ചേട്ടന് കൂടെയുള്ളവര്‍ക്ക് നിക്ഷേപമായി നല്‍കിയത് ഉപയോഗിക്കപ്പെട്ടത് ഈ വിധമൊക്കെ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്!
അതുവരെ പരിപാടികളില്‍ കിട്ടുന്നത് ക്യാഷ് ആയാണെങ്കിലും നല്ലത് എന്നുകരുതിയുന്ന ആള് ഇവരുടെയൊക്കെ പണമിടപാടുകളിലെ കള്ളത്തരം തിരിച്ചറിഞ്ഞതുകൊണ്ടാകാം അവസാനത്തെ ചില പരിപാടികള്‍ കഴിഞ്ഞ് ‘ഇനി ക്യാഷ് ആയി വേണ്ട, account transfer ആണെങ്കില്‍ മതി’ എന്ന് നിഷ്കര്‍ഷിക്കാന്‍ തുടങ്ങിയതും, ‘വിദേശയാത്രകള്‍ ഇനിയില്ല, സ്റ്റേജ് ഷോസും ബാന്റും ഇനിവേണ്ട’ എന്ന തീരുമാനത്തിലേക്കെത്തിയതും. ഈ ചിന്തകള്‍ ബാലുച്ചേട്ടന് പങ്കുവച്ചവരില്‍ വല്യമ്മാവനുണ്ട്, അച്ഛനുമമ്മയുമുണ്ട്, ചില സുഹൃത്തുക്കളുമുണ്ട്..
സത്യം അറിയാമായിരിക്കെത്തന്നെ അവിടുന്ന് തുടങ്ങി എന്തൊക്കെ കഥകള്‍ വേറെയുമുണ്ടാക്കി..
അതുകൊണ്ടു തന്നെ ഇതല്ല അതിനുമപ്പുറം പ്രതീക്ഷിച്ചുതന്നെ ഇരിക്കുകയും ചെയ്യണമല്ലോ. പിന്നെ വെറുതെ പണം സമ്പാദിക്കുന്നതുമായി തന്റെ ഈശ്വരനായ സംഗീതത്തെ ബാലുച്ചേട്ടന് കൂട്ടിക്കെട്ടില്ലായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവ് സിനിമ അവസരങ്ങള്‍ക്ക് വേണ്ടിയോ റിയാലിറ്റി ഷോകളിലെ നാടകങ്ങള്‍ക്ക് വേണ്ടിയോ അദ്ദേഹം വഴങ്ങിക്കൊടുത്തിട്ടില്ല, മറിച്ച് അവിടങ്ങളിലൊക്കെ സ്വന്തം അഭിപ്രായത്തിനുവേണ്ടിത്തന്നെ നിലകൊണ്ട് പലപ്പോഴും ‘ധിക്കാരി’ ‘അഹങ്കാരി’ എന്ന പേര് സമ്പാദിക്കാനും ബാലുച്ചേട്ടന് മടിച്ചില്ല എന്നതാണ്..



