സ്കോര്‍; ഓസ്ട്രേലിയ 199(49.3) ഇന്ത്യ 201/4(41.2).

200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. മൂന്ന് മുൻ നിര ബാറ്റർമാർ സ്കോർ കണ്ടെത്താനാവാതെ പുറത്തായതോടെ പരുങ്ങലിലായ ഇന്ത്യയെ വിരാട് കോലി – കെ എൽ രാഹുൽ സഖ്യമാണ് വിജയ തീരത്തെത്തിച്ചത്.

2 ന് 3 എന്ന നിലയിൽ ഒന്നിച്ച സഖ്യം 167 ൽ കോലി 85 (116) പുറത്തായതോടെയാണ് പിരിഞ്ഞത്. നേരത്തേ വ്യക്തിഗത സ്കോർ 12 ൽ നില്ക്കേ കോലിയെ അനായാസം ക്യാച്ചിലൂടെ പുറത്താക്കാനുള്ള അവസരം മിച്ചൽ മാർഷ് നഷ്ടപ്പെടുത്തിയിരുന്നു.

തുടർന്ന് താളം കണ്ടെത്തിയ കോലിയും രാഹുലും സ്കോർ ബോർഡ് മെല്ലെ ഉയർത്തി. 30 ഓവർ പിന്നിടുമ്പോൾ 120 ന് മൂന്ന് എന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് സ്കോറിംഗിന് വേഗത കൂട്ടി. ജയിക്കാൻ 33 റൺസ് വേണ്ടിയിരിക്കേ കോലി മടങ്ങിയെങ്കിലും ഹർദിക് പാണ്ഡ്യയെ കൂട്ട് പിടിച്ച് കെ എൽ രാഹുൽ ഇന്ത്യയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു. രാഹുൽ 97 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്സൽവുഡ് മൂന്നും, മിച്ചൽ സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കം തന്നെ പിഴച്ചു. സ്കോർ ബോർഡിൽ 5 റൺസുള്ളപ്പോൾ മിച്ചൽ മാർഷിനെ 0(6) പുറത്താക്കി ബുംമ്ര ആദ്യ പ്രഹരമേല്പിച്ചു. തുടർന്നൊന്നിച്ച വാർണർ, സ്റ്റീവ് സ്മിത്ത് സഖ്യം സ്കോർ ബോർഡ് മെല്ലെ ചലിപ്പിച്ചു. സഖ്യം 69 റൺസ് കൂട്ടിച്ചേർത്തപ്പോൾ കുൽദീപ് യാദവ് വാർണറെ വീഴ്ത്തി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്കി.

തുടർന്ന് വന്ന ആർക്കും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല. 10 ഓവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ ഓസീസ് മധ്യനിരയെ തകർത്തു.

71 പന്തിൽ 46 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ടോപ്പ് സ്കോറർ. വർണർ 41 (52) നും, ലബുഷയ്ൻ 27 ( 41) നും പുറത്തായി. അവസാന ഓവർ വരെ പിടിച്ചു നിന്ന മിച്ചൽ സ്റ്റാർക്കാണ് (28) സ്കോർ 199 ൽ എത്തിച്ചത്.

നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതും ഓസീസിന് തിരിച്ചടിയായി. 165 ന് 8 എന്ന നിലയിൽ നിന്ന ഓസീസിനെ മിച്ചൽ സ്റ്റാർക്കും ആദം സാംപയും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ട് 189 ൽ എത്തിച്ചു. ഇന്ത്യയ്ക്കായി ബുംമ്ര, കുൽദീപ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ, ഹർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.