മെംഫിസ് (യുഎസ്): മോഷ്ടിച്ച കാറിലെത്തി ഒരു മണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി 4 പേരെ വെടിവച്ചുകൊല്ലുകയും 3 പേരെ പരുക്കേൽപിക്കുകയും ചെയ്ത് മെംഫിസ് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ എസക്കിയേൽ കെല്ലി(19)യെ കാർ അപകടത്തിൽപെട്ടപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു.

അക്രമസംഭവങ്ങളിൽ ഒരെണ്ണം സമൂഹമാധ്യമത്തിൽ ലൈവ്സ്ട്രീം ചെയ്തിരുന്നു. അക്രമിയുടെ വിളയാട്ടത്തിൽ നിന്നു രക്ഷപ്പെടാൻ ജനങ്ങളോടു പുറത്തിറങ്ങരുതെന്നു പൊലീസ് ആവശ്യപ്പെടുകയും ബേസ്ബോൾ സ്റ്റേഡിയവും യൂണിവേഴ്സിറ്റി ക്യാപസുകളും അടപ്പിക്കുകയും പൊതുഗതാഗതം നിർത്തിവയ്ക്കുകയും ചെയ്യേണ്ടിവന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.56 നാണ് ആദ്യ അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുന്നത്. തുടർന്ന് 3 സംഭവങ്ങളിൽ ആളുകൾ കൊല്ലപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു. അപകടകരമായി വാഹനമോടിച്ച് ആളുകളെ അപായപ്പെടുത്താൻ ശ്രമിച്ചതായും പരാതി ലഭിച്ചു. അക്രമിയെ തിരയുന്നതിനിടെ വൈകിട്ട് 6.12ന് ഇയാൾ ലൈവ് സ്ട്രീമിങ്ങിലൂടെ ഭീഷണി മുഴക്കുന്നതായി അറിഞ്ഞു.

തിരച്ചിലിനിടെ രാത്രി 9 ന് മെംഫിസിനു സമീപമുള്ള വൈറ്റ്ഹാവനിൽ ഇയാളുടെ വാഹനം അപകടത്തിൽ പെട്ടതായി വിവരം ലഭിക്കുകയും പൊലീസെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റൊരു കേസിൽ 11 മാസം ജയിൽശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാർച്ചിൽ പുറത്തിറങ്ങിയയാളാണ് അക്രമി. മിസിസിപ്പിയിലെ സതാവനിൽ നിന്നു മോഷ്ടിച്ച വാഹനത്തിലെത്തിയാണ് ഇയാൾ അക്രമങ്ങൾ നടത്തിയത്.