ലൈംഗികതൊഴിലാളിയുമായി നടത്തിയ ചാറ്റിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിട്ടും ഭാര്യ കണ്ടെത്തുകയും അത് വിവാഹമോചനത്തിലേക്ക് നയിക്കുകയും ചെയ്തതിനെ തുടർന്ന് ആപ്പിളിനെതിരെ കേസുമായി ബ്രിട്ടീഷ് വ്യവസായി. ഐഫോണിലെ ഐമെസേജ് ആപ്പിൽ നിന്ന് ‘പെർമനന്റ്’ ആയി നീക്കം ചെയ്ത സന്ദേശം ഭാര്യ കണ്ടെത്തിയതോടെയാണ് ഇയാളുടെ വിവാഹ ബന്ധം തകർന്നതെന്ന് പേരുവെളിപ്പെടുത്താതെ വ്യവസായി ദി ടൈംസിനോട് പറഞ്ഞു.
ഐമെസേജസ് ആപ്പിലൂടെയാണ് വ്യവസായി ലൈംഗിക തൊഴിലാളികളുമായി ചാറ്റ് ചെയ്തിരുന്നത്. ഇത് ആരും അറിയാതിരിക്കാൻ സന്ദേശങ്ങൾ നീക്കം ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഒരേ ആപ്പിൾ ഐഡിയിൽ ബന്ധിപ്പിച്ച ഐമാക്ക് വീട്ടിലുണ്ടായിരുന്നു. ആപ്പിൾ ഐഡിയിലെ ഉപകരണങ്ങൾ തമ്മിൽ സിങ്ക് ചെയ്യുന്നതിനാൽ ഐഫോണിലെ ഐമെസേജ് ആപ്പിലെ ചാറ്റുകൾ ഐമാക്കിലും കാണാൻ സാധിക്കുമായിരുന്നു.
എന്നാൽ ഐഫോണിൽ നടത്തിയ ചാറ്റുകൾ നീക്കം ചെയ്യുമ്പോൾ അത് മറ്റ് ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടുമെന്നാണ് വ്യവസായി കരുതിയിരുന്നത്. എന്നാൽ അങ്ങനെ സംഭവിച്ചില്ല. ഒരു ഉപകരണത്തിൽ നിന്ന് നീക്കം ചെയ്യുന്ന സന്ദേശം മറ്റു ഉപകരണങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടില്ലെന്ന് ആപ്പിൾ ഉപഭോക്താക്കളെ അറിയിക്കുന്നില്ലെന്നാണ് വ്യവസായിയുടെ ആരോപണം.
സന്ദേശങ്ങൾ കണ്ടെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചന നടപടി സ്വീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് 50 ലക്ഷം പൗണ്ട് (53 കോടിയോളം രൂപ) ചെലവാകുകയും ചെയ്തു. വിവാഹ മോചനം വളരെ വേദനാജനകമാണെന്ന് ഇയാൾ പറയുന്നു. ആ സന്ദേശങ്ങൾ ഭാര്യ കണ്ടെത്തിയില്ലായിരുന്നുവെങ്കിൽ ഭാര്യയുമായുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കാനാകുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
50 ലക്ഷം പൗണ്ട് ആപ്പിളിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇയാൾ ആപ്പിളിനെതിരെ കേസ് നൽകിയിരിക്കുന്നത്. സമാനമായ പ്രശ്നം നേരിട്ട മറ്റുള്ളവർക്ക് വേണ്ടി ഇതൊരു പൊതുതാൽപര്യ ഹർജിയാക്കി മാറ്റാനും ഇദ്ദേഹം ശ്രമിച്ചുവരികയാണ്.
സന്ദേശങ്ങൾ പൂർണമായി നീക്കം ചെയ്യപ്പെടാതിരുന്നിട്ടും ‘ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു’ എന്ന് ആപ്പിൾ തന്നെ അറിയിച്ചതാണ് എല്ലാ പ്രശ്നത്തിനുമുള്ള കാരണമെന്ന് അദ്ദേഹം പറയുന്നു.
‘എന്റെ അഭിപ്രായത്തിൽ, ‘ ഈ ഉപകരണത്തിൽ നിന്ന് ഈ സന്ദേശങ്ങൾ നീക്കം ചെയ്യപ്പെട്ടു’ എന്നോ ‘ഈ ഉപകരണത്തിൽ നിന്ന് മാത്രം ഡിലീറ്റ് ചെയ്തു’ എന്നോ ആയിരുന്നു ആപ്പിൾ അറിയിക്കേണ്ടിയിരുന്നത്.
അയക്കുകയും ലഭിക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന സന്ദേശങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ആപ്പിൾ എവിടെയും വ്യക്തമാക്കുന്നില്ലെന്ന് വ്യവസായിയുടെ അഭിഭാഷകനായ സൈമൺ വാൾട്ടൺ ടെലഗ്രാഫിനോട് പ്രതികരിച്ചത്. സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു എന്ന അറിയിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കാരണം അത് മറ്റ് ഉപകരണങ്ങളിൽ കണ്ടെത്താനാവുമെന്നും അക്കാര്യം ആപ്പിൾ ഉപഭോക്താക്കളോട് പറയുന്നില്ലെന്നും വാൾട്ടൺ പറഞ്ഞു.



