ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസിനെ എലിസബത്ത് രാജ്ഞി നിയമിച്ചു. പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സ്കോട്‌ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലെത്തി രാജ്ഞിയുമായി ട്രസ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഔദ്യോഗിക നിയമനം. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നേരത്തേ രാജ്ഞിയെ സന്ദർശിച്ച് രാജിക്കത്ത് കൈമാറിയിരുന്നു. ലണ്ടനിൽ തിരിച്ചെത്തിയ ട്രസ്, പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ നമ്പർ 10 ഡോണിങ് സ്ട്രീറ്റിൽനിന്ന് ഉദ്ഘാടന പ്രസംഗം നടത്തി.  

ഇന്ത്യൻ വംശജയായ സ്യുവെല്ല ബ്രേവർമാനെ ആഭ്യന്തരമന്ത്രിയായി പ്രഖ്യാപിച്ചു. ഡപ്യൂട്ടി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട തെരേസ കോഫിക്ക് ആരോഗ്യ വകുപ്പ് കൂടിയുണ്ട്. ജയിംസ് ക്ലവർലി– വിദേശകാര്യം, ക്വാസി ക്വാർടെങ്– ധനകാര്യം, ബെൻ വാലസ്–പ്രതിരോധം, ബ്രൻഡൻ ലെവിസ് – നിയമകാര്യം  എന്നിവരെയും പ്രഖ്യാപിച്ചു. വെൻഡി മോർട്ടനാണ് ചീഫ് വിപ്പ്. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാപ്രധാനമന്ത്രിയായി നിയമിതയായ ട്രസ്, എലിസബത്ത് രാജ്ഞിയുടെ കീഴിൽ അധികാരമേൽക്കുന്ന 15–ാമതു പ്രധാനമന്ത്രിയാണ്. 1952 ൽ അധികാരമേറ്റ വിൻസ്റ്റൺ ചർച്ചിലാണു രാജ്ഞി നിയമിച്ച ആദ്യ പ്രധാനമന്ത്രി.

ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തി‌ലേക്കു പാർട്ടിനേതാവിനെ ക്ഷണിച്ച് അധികാരമേൽപിക്കുന്നതാണു ബ്രിട്ടനിലെ ഭരണഘടനാ നടപടിക്രമം. എന്നാൽ, 96 വയസ്സുകാരിയായ രാജ്ഞി സ്കോട്‌ലൻഡിൽ ആയതിനാൽ ബോറിസ് ജോൺസനെയും ലിസ് ട്രസിനെയും അവിടേക്കു ക്ഷണിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു നടപടി.