തമിഴ്നാട്ടിലെ വില്ലിവാക്കത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. 47 കാരനായ ബാലചന്ദ്രനാണ് പിടിയിലായത്. ബൈക്കില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ കയറ്റിയ പ്രതി പാടി പാലത്തിനടിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി കരയുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
പാലത്തിന്റെ പരിസരത്ത് കണ്ട കുട്ടിയോട് എന്തിനാണ് കരയുന്നതെന്ന് നാട്ടുകാര്‍ ചോദിച്ചു. ഇതോടെയാണ് ലിഫ്റ്റ് വാഗ്ദാനം ചെയ്‌തെന്നും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും കുട്ടി തുറന്നുപറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ ഉപദ്രവിച്ചതിന് ഇയാളെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തു. ഇതോടെ ബാലചന്ദ്രന്‍ സ്ഥലം വിടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.
തുടര്‍ന്ന് ഇയാളുടെ ഇരുചക്രവാഹനം പരിശോധിച്ചു. ബിജെപിയുടെ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തതായി തെളിയിക്കുന്ന പാര്‍ട്ടി പതാകയും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇയാളെ ഒടുവില്‍ വിട്ടയച്ചെങ്കിലും കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വില്ലിവാക്കം പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.



