വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ എസ്റ്റേറ്റില്‍നിന്ന് വിവിധ പത്രങ്ങള്‍, മാസികകള്‍, വ്യക്തിഗത കത്തിടപാടുകള്‍ എന്നിവയ്‌ക്കൊപ്പം പെട്ടികളില്‍ സൂക്ഷിച്ച നിലയില്‍ അതീവ രഹസ്യ രേഖകള്‍ കണ്ടെത്തിയെന്ന് എഫ്ബിഐ. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍.

ഫ്‌ളോറിഡ എസ്റ്റേറ്റില്‍നിന്ന് ഈ വര്‍ഷം ആദ്യം കണ്ടെടുത്ത 15 പെട്ടികളില്‍ 14 എണ്ണത്തിലും രഹസ്യ രേഖകള്‍ ഉണ്ടായിരുന്നെന്നാണ് എഫ്ബിഐ വെള്ളിയാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ക്ലാസിഫൈഡ് മെറ്റീരിയലുകള്‍ സൂക്ഷിക്കുന്നതിനായി ഒരു സ്ഥലവും അനുവദിച്ചിട്ടില്ല. എഫ്ബിഐ കോടതിയില്‍ നല്‍കിയ രേഖകള്‍ അനുസരിച്ച്, എസ്റ്റേറ്റില്‍ പരിശോധന നടത്തുന്നതിനുള്ള തടസവും ഈ രേഖകള്‍ അവിടെയുണ്ടെന്നതു തന്നെയായിരുന്നെന്ന് പറയുന്നു. രേഖകള്‍ അനധികൃതമായാണ് സൂക്ഷിച്ചത്. ട്രംപ് വൈറ്റ് ഹൗസ് വിട്ടശേഷമാണ് അവ അവിടെ സൂക്ഷിച്ചതെന്നും രേഖകളുടെ വിശദമായ വിവരണവും 32 പേജുള്ള സത്യവാങ്മൂലത്തിലുണ്ട്.

സാക്ഷികളുടെയും നിയമ നിര്‍വഹണ ഉദ്യോഗസ്ഥരുടെയും സുരക്ഷയും അന്വേഷണത്തിന്റ സമഗ്രതയും സംരക്ഷിക്കുന്നതിനായി തിരുത്തിയെഴുതിയതാണ് സത്യവാങ്മൂലം. 15 പെട്ടികളില്‍നിന്ന് അതീവ പ്രധാന്യമുള്ള രേഖകള്‍ കണ്ടെത്തിയതിനാല്‍ മാര്‍-എ-ലാഗോയില്‍ പരിശോധന ആവശ്യമാണ്. 184 രേഖകളില്‍ 25 എണ്ണവും അതീവരഹസ്യ സ്വഭാവമുള്ളതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

മാര്‍-എ-ലാഗോയില്‍ ഓഗസ്റ്റ് 8 നു നടത്തിയ തെരച്ചിലിനിടെ കണ്ടെത്തിയ 11 സെറ്റ് ക്ലാസിഫൈഡ് റെക്കോര്‍ഡുകളെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ സത്യവാങ്മൂലത്തിലില്ല. പകരം ജനുവരിയില്‍ നാഷണല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെടുത്ത 15 പെട്ടികളുടെ പ്രത്യേക ബാച്ചിനെക്കുറിച്ചാണ് പറയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി താന്‍ പൂര്‍ണമായി സഹകരിച്ചെന്നാണ് ട്രംപ് പറയുന്നത്. തന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള രാഷ്ട്രീയപ്രേരിത വേട്ടയാണിതെന്ന് അദ്ദേഹം ആരോപിക്കുന്നു.