വാഷിംഗ്ടണ്‍: റഷ്യയ്ക്കുള്ള പിന്തുണയുടെ പേരില്‍ പാശ്ചാത്യ സഖ്യം ചൈനയുടെ മേല്‍ പിഴ ചുമത്തേണ്ടതുണ്ടെന്ന് നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. ഉക്രെയ്‌നിലേക്ക് ആയുധങ്ങളുടെ തുടര്‍ച്ചയായ പ്രവാഹമുണ്ടായാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം നടക്കുന്ന സൈനിക സഖ്യത്തിന്റെ 75-ാം വാര്‍ഷിക ഉച്ചകോടിയുടെ ഒരുക്കങ്ങള്‍ക്കായി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുകയായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍ സ്റ്റോള്‍ട്ടന്‍ബെര്‍ഗ്.

കൈവിനുള്ള പാശ്ചാത്യ പിന്തുണയെ സംശയിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രസിഡന്റ് ജോ ബൈഡന്‍ കടുത്ത തെരഞ്ഞെടുപ്പ് പോരാട്ടം നേരിടുന്നതിനാല്‍ ഉക്രെയ്നിന് ദീര്‍ഘകാല പിന്തുണ ഉണ്ടാവുമെന്ന സന്ദേശം നല്‍കാനാണ് ജൂലൈയിലെ നാറ്റോ യോഗം ലക്ഷ്യമിടുന്നത്.

റഷ്യയുടെ പ്രതിരോധ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള കയറ്റുമതികളിലൂടെ ചൈന സംഘര്‍ഷം വഷളാക്കുകയാണെന്ന് നാറ്റോ മേധാവി ആരോപിച്ചു.

ഉപരോധം ഒഴിവാക്കാനും വ്യാപാരം നിലനിര്‍ത്താനും പ്രസിഡന്റ് ഷി ജിന്‍പിംഗ്, താന്‍ പിന്‍മാറുകയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന്  സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ സായുധ സംഘട്ടനത്തിന് ചൈന ആക്കം കൂട്ടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം പാശ്ചാത്യ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ചൈന ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.