കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കാൻ താൽപര്യമുണ്ടെന്ന സൂചന നൽകി ശശി തരൂർ എം.പി. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സര രംഗത്തില്ലെങ്കിൽ മറ്റു പേരുകൾ നിര്‍ദേശിക്കും. പാർട്ടിയില്‍ മറ്റ് മികച്ച സാധ്യതകളുണ്ടെന്നും തരൂർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അനന്തരാവകാശികൾ(രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും) മൽസര രംഗത്തില്ലെങ്കിൽ മറ്റുള്ളവർ മുന്നോട്ട് വരും. ഞങ്ങൾക്ക് മുന്നിൽ മികച്ച നിരവധി സാധ്യതകളുണ്ട്– തരൂരിന്റെ വാക്കുകൾ ഇങ്ങനെ.
രാഹുല്‍ ഗാന്ധിയുമായുള്ള സമവാക്യത്തെക്കുറിച്ചും തരൂർ തുറന്ന് പറയുന്നു. താന്‍ ആരുമായും ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടാറില്ല എന്നാണ് അദ്ദേഹം പറയുന്നത്. വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, അത്തരമൊരു ആക്രമണം നേരിട്ടാല്‍ ചിരിച്ചുകൊണ്ട് നേരിടുമെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിൽ സംഘടനാപരമായ ചില പിഴവുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കെ.സുധാകരന്റെയും വി.ഡി സതീശന്റെയും നേതൃത്വത്തിൽ കോൺഗ്രസിന് പുതിയ ഊർജം കൈവന്നിട്ടുണ്ടെന്നും തരൂർ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും തരൂർ അഭിമുഖത്തിൽ പരാമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വളരെ കാര്യക്ഷമതയും കാര്യഗൗരവമുള്ള വ്യക്തിയാണ്. പിണറായി വിജയനുമായി നല്ല ബന്ധം ഉണ്ട് അല്ലേ എന്ന ചോദ്യത്തിനാണ് തരൂരിന്റെ മറുപടി. ‘അദ്ദേഹവുമായി ഞാൽ ഇടപെട്ടിട്ടുള്ള പ്രശ്നങ്ങളെല്ലാം വളരെ ബുദ്ധിപൂർവം കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു വാക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കും. എനിക്ക് അദ്ദേഹത്തോടു വലിയ ബഹുമാനമുണ്ട്.’ തരൂരിന്റെ വാക്കുകൾ ഇങ്ങനെ.
കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയോടും വലിയ ബഹുമാനം ഉണ്ടെന്ന് തരൂർ പറയുന്നു. ‘ഞാൻ ശ്രമിച്ചാൽ എനിക്ക് അദ്ദേഹത്തെപ്പോലെ ആകാൻ സാധിക്കില്ല. മാതൃകാപരമായി കാര്യങ്ങൾ ചെയ്യുന്നവരെ ഞാൻ ബഹുമാനിക്കുന്നു. ജനങ്ങളുടെ സ്പന്ദനത്തിൽ എപ്പോഴും വിരൽസ്പർശം നൽകുന്നയാളാണ് അദ്ദേഹം. കേരളത്തിലെ ജനങ്ങളുമായി ഉമ്മൻ ചാണ്ടിയോളം അടുപ്പം പുലർത്തുന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല’. തരൂർ പറയുന്നു.



