ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഇന്ന് നടന്ന തെരച്ചിലില്‍ ഒരു ഗര്‍ഭിണിയുടേതടക്കം 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കൗശിക (15), ശിവരഞ്ജിനി (15), മുത്തുലക്ഷ്മി (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.

ദുരന്തത്തില്‍ അകപ്പെട്ട 5 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ദുരന്തഭൂമിക്ക് സമീപത്തു നിന്നും കിലോമീറ്ററോളം ദുരത്തുള്ള ഭൂതക്കുഴി ഭാഗത്തു നിന്നുമാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ച്ചയായ പതിനാലാം ദിവസമാണ് പെട്ടിമുടിയില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി തെരച്ചില്‍ നടത്തിയത്. നിലവില്‍ മൂന്നാം ഘട്ട തെരച്ചിലാണ് പുരോഗമിക്കുന്നത്.
ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ കണ്ടെത്തുന്ന മൃതദേഹങ്ങളില്‍ അധികവും തിരിച്ചറിയാനാകാത്ത നിലയിലാണ്. ദുരന്ത ഭൂമിയില്‍ നിന്നും മണ്ണ് കോരി മറ്റൊരിടത്തേയ്ക്ക് മാറ്റി സൂഷ്മമായാണ് തെരച്ചില്‍ നടത്തുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിലെ ഡോഗ് സ്‌ക്വാഡിലെ അഞ്ച് നായകളും തെരച്ചില്‍ സംഘത്തിന് സഹായത്തിനായി എത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്.