വാഷിങ്ടൺ: അമേരിക്കയുടെ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിക്കു നേരെ ആക്രമണം. ദമ്പതിമാരുടെ സാൻഫ്രാൻസിസ്കോയിലെ വീട്ടിൽ അതിക്രമിച്ചു കയറിയയാളാണ് എൺപത്തിരണ്ടുകാരനായ പോളിനെ ക്രൂരമായി ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഗുരുതരമായി പരിക്കേറ്റ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാൻസിയുടെ ഓഫീസ് പത്രപ്രസ്താവനയിൽ അറിയിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചു വരികയാണ്. സംഭവസമയത്ത് നാൻസി സ്ഥലത്തുണ്ടായിരുന്നില്ല.
ആക്രമണത്തിന്റെ സാഹചര്യത്തെ കുറിച്ചോ എങ്ങനെയാണ് അക്രമി വീടിനുള്ളിൽ കടന്നത് എന്നതിനെ കുറിച്ചോ വ്യക്തത വന്നിട്ടില്ല. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ്-വെഞ്ച്വർ കാപിറ്റൽ സ്ഥാപന ഉടമയാണ് പോൾ പെലോസി. മേയ് മാസത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ ഇദ്ദേഹത്തിന് അഞ്ചുദിവസം ജയിൽശിക്ഷ ലഭിച്ചിരുന്നു.



