ഉത്തർ പ്രദേശിലെ ബാഗ്പത്തിൽ ജൈന മതസ്ഥരുടെ ആത്മീയ സമ്മേളന വേദിയിലേക്ക് മരം കൊണ്ട് നിർമിച്ച താൽക്കാലിക വാച്ച് ടവർ തകർന്ന് വീണ് വൻ അപകടം. മുള കൊണ്ട് താൽക്കാലികമായി നിർമിച്ച സമ്മേളന വേദിക്ക് മുകളിലേക്കാണ് ഇത് തകർന്നു വീണത്. അപകടത്തിൽ ഏഴ് പേർ മരിച്ചതായും അമ്പതോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ബാഗ്പത്തിൽ ജൈനമതസ്ഥരുടെ ലഡ്ഡു മഹോത്സവത്തിനിടെയാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. സംഭവം നടന്നയുടൻ പൊലീസും ആംബുലൻസും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായി ബാഗ്പത് പൊലീസ് മേധാവി അർപിത് വിജയവർഗിയ പറഞ്ഞു. ചെറിയ മുറിവുകളുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്ക് അയച്ചപ്പോൾ, ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.



