സിബിഎസ്‌ഇ, ഐസിഎസ്‌ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍. പകര്‍ച്ചവ്യാധി ഭീഷണിക്കിടെ ഓഫ്‌ലൈന്‍ പരീക്ഷകള്‍ നടത്താനുള്ള അധികൃതരുടെ തീരുമാനം യുക്തിരഹിതവും അന്യായവുമാണെന്നാണ് ഹര്‍ജി. 521 വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും.
കോവിഡിനെത്തുടര്‍ന്ന് 12ാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെക്കാനാണ് സിബിഎസ്‌ഇയും ഐസിഎസ്‌ഇ കൗണ്‍സിലും തീരുമാനിച്ചത്. കേന്ദ്ര, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ദേശീയ യോഗത്തില്‍ ഏപ്രില്‍ 15നും ആഗസ്റ്റ് 26നും ഇടയില്‍ ബോര്‍ഡ് പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്താനാണ് തീരുമാനമെടുത്തത്. പകര്‍ച്ചവ്യാധി ഭീഷണിക്കിടെ, ഓഫ്‌ലൈന്‍ പരീക്ഷ നടത്താനുള്ള തീരുമാനം യുക്തിരഹിതവും അന്യായവും നീതിക്ക് നിരക്കാത്തതുമാണ്. ആരോഗ്യത്തിനുള്ള അവകാശം ഉള്‍പ്പെടെ ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 21ലെ ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണിത്.

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനു വിരുദ്ധമാണ് 12ാം ക്ലാസ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം. നിയമത്താലോ അവയുടെ പ്രയോഗത്താലോ പക്ഷപാതരഹിതമായൊരു സ്ഥിതി വിശേഷം സംജാതമാകരുതെന്ന ആര്‍ട്ടിക്കിള്‍ 14ലെ വ്യവസ്ഥയുടെയും ലംഘനമാകും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും, നിലനില്‍ക്കുന്ന ആരോഗ്യപരമായ അപകട ഭീഷണി 12ാം ക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് പറയുന്നതിലും യുക്തിയില്ല. ഓഫ്‌ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാതെ വരുന്ന കോവിഡ് ബാധിതരായ വിദ്യാര്‍ഥികളുടെ അവസ്ഥയും കണക്കിലെടുത്തിട്ടില്ല. 18 വയസിനു താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ആയിട്ടില്ല. മൂന്നാം തരംഗത്തില്‍ കുട്ടികളെയായിരിക്കും കോവിഡ് കൂടുതലായി ബാധിക്കുന്നതെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

നിരവധി സ്‌കൂളുകള്‍ കോവിഡ് കെയര്‍ സെന്ററുകളായും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായും മാറിയിട്ടുണ്ടെന്ന വസ്തുത കൂടി പരിഗണിക്കണം. ഹോട്ട്സ്‌പോട്ടുകളില്‍ പരീക്ഷ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ജീവിതത്തിന് തന്നെ വെല്ലുവിളിയാകും. പരീക്ഷകള്‍ നീട്ടിവെക്കുന്നത് വിദ്യാര്‍ഥി മനസുകളില്‍ അനിശ്ചിതത്വത്തിന്റെ ഭാരം വര്‍ധിപ്പിക്കും. അതിനാല്‍ സമയബന്ധിതമായ തീരുമാനമാണ് ആവശ്യം. പരീക്ഷ നീട്ടിവെക്കുന്നത് വിദേശ സര്‍വകലാശാലകളില്‍ അപേക്ഷിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.