കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ”ന്നാ താന്‍ കേസ് കൊട്” എന്ന ചിത്രം കേരളത്തില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രം റിലീസ് ചെയ്ത ഓഗസ്റ്റ് 11ന് പുറത്തുവന്ന പോസ്റ്റര്‍ കേരളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെ ഇടത് പ്രൊഫൈലുകളില്‍ നിന്നും സൈബർ അറ്റാക്ക് ശക്തമായിരുന്നു. ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആഹ്വാനവും നടന്നിരുന്നു.

എന്നാല്‍ പോസ്റ്ററിലെ വാചകങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ സര്‍ക്കാരിനെയോ ഉദ്ദേശിച്ചല്ല എന്നായിരുന്നു സംവിധായകനും കുഞ്ചാക്കോ ബോബനും പറഞ്ഞത്. ഇപ്പോഴിതാ വിവാദ പോസ്റ്ററിന് പിന്നാലെ ചിത്രത്തിന്റെ അടുത്ത പോസ്റ്ററും ശ്രദ്ധ നേടുകയാണ്. സിനിമയുടെ യു.കെ, അയര്‍ലന്‍ഡ് തീയേറ്റര്‍ ലിസ്റ്റ് പോസ്റ്ററിലാണ് ‘തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയില്ല എന്നാലും വന്നേക്കണേ’ എന്ന ക്യാപ്ഷന്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ഓഗസ്റ്റ് 19മുതലാണ് ചിത്രം യു.കെയിലും അയര്‍ലന്‍ഡിലും റിലീസ് ചെയ്യുന്നത്.

ആക്ഷേപ ഹാസ്യ കോര്‍ട്ട് റൂം ഡ്രാമ ചിത്രമായാണ് ‘ന്നാ താന്‍ കേസ് കൊട്’ എത്തിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ‘ന്നാ താന്‍ കേസ് കൊട്’ മാറിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ദിനം 1.25 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ഒരാഴ്ച കൊണ്ട് ചിത്രം 25 കോടി രൂപ നേടിയെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള അറിയിച്ചു.

കാസര്‍ഗോഡാണ് ന്നാ താന്‍ കേസ് കൊടിന്റെ പശ്ചാത്തലം. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ നടത്തിവരുന്ന കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത്.