അമേരിക്കയുമായുള്ള പെട്രോ-ഡോളർ കരാർ പുതുക്കാതെ സൗദി അറേബ്യ. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കരാറിന്റെ നിലവിലെ കാലാവധി കഴിഞ്ഞാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ ഇത് പുതുക്കാന്‍ സൗദി അറേബ്യ ഇതുവരെ തയ്യാറായിട്ടില്ല. മൂന്നാം അറബ്-ഇസ്രായേൽ യുദ്ധം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം 1974 ആയിരുന്നു പെട്രോ-ഡോളർ കരാർ നിലവില്‍ വന്നത്.

ഈ കരാറോടെയാണ് ക്രൂഡ് ഓയിലിന്റെ വില യുഎസ് ഡോളറുമായി ബന്ധിപ്പിക്കപ്പെടുന്നത്. ഇത് ഡോളറിനെ ശക്തിപ്പെടുത്തുകയും ലോകത്തിലെ മറ്റെല്ലാ കറൻസികളേക്കാളും ഉയർച്ചയും മുൻതൂക്കവും അമേരിക്കന്‍ പണത്തിന് നൽകുകയും ചെയ്തു.

നിലവിലുള്ള ആഗോള സാമ്പത്തിക ക്രമത്തില്‍ ഡോളറിനുള്ള പ്രാധാന്യത്തിന് അടിസ്ഥാനമായ പ്രധാന കാരണങ്ങളില്‍ ഒന്നുകൂടിയായിരുന്നു അന്നത്തെ കരാർ. ഈ കരാർ പ്രകാരം സൈനിക പിന്തുണയ്‌ക്ക് പകരമായി യുഎസ് ബോണ്ടുകളിലേക്ക് മിച്ച ഫണ്ടുകൾ നിക്ഷേപിക്കുന്നതിനും സൗദികള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു.

പതിവില്‍ നിന്നും വ്യത്യസ്തമായി ഈ വർഷം കരാർ പുതുക്കാന്‍ സൗദി അറേബ്യ തയ്യാറായില്ല. ഇത് ഡോളറിന്റെ വലിയ തകർച്ചയ്ക്ക് കാരണമാകുമെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും അത്തരത്തില്‍ ഒന്നും സംഭവിക്കില്ലെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്.

ഡീഡോളറൈസേഷന്‍

ഡീഡോളറൈസേഷന്‍, അഥവാ അന്താരാഷ്ട്ര വ്യാപാരത്തിന് ഡോളർ മാത്രം ഉപയോഗിക്കുന്നത് കുറയ്ക്കുയെന്ന ലക്ഷ്യത്തോടെ വിവിധ രാഷ്ട്രങ്ങള്‍ രംഗത്ത് വരുന്ന സമയത്ത് കൂടിയാണ് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയം. പ്രധാനമായും വളർന്നുവരുന്ന ഇന്ത്യയെപ്പോലു സമ്പദ്‌വ്യവസ്ഥകൾ ഉഭയകക്ഷി വ്യാപാരത്തിനായി പ്രാദേശിക കറൻസികൾ ഉപയോഗിക്കാൻ തുടങ്ങിയത് ഈ നീക്കത്തിന്റ ഭാഗമായാണ്. റഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരം രൂപയില്‍ നടത്തിക്കൊണ്ട് ഇന്ത്യ ഈ നീക്കം പരമാവധി ശക്തമാക്കുന്നുമുണ്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് സൌദിയുടെ നടപടി ഗുണം ചെയ്യുമെങ്കിലും ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം കണക്കിലെടുക്കുമ്പോൾ സൗദി നടപടിയുടെ ഗുണഭോക്താവ് ചൈനയുടെ യുവാന്‍ ആയിരിക്കുമെന്നാണ് പെട്രോവാച്ചിൻ്റെ എഡിറ്റർ മധു നൈനാനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് വർഷമായി, സൗദിയുടെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരൻ മാത്രമല്ല, അതിൻ്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും കൂടിയാണ് ചൈന.

ചൈനയ്ക്ക് ഗുണം

ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ചൈന. 56.1 ബില്യൺ ഡോളറിൻ്റെ ക്രൂഡ് ചൈനയിലേക്ക് സൗദി കയറ്റുമതി ചെയ്തതായി 2022 ലെ കണക്കുകൾ വ്യക്തമാക്കുന്നു. 32.7 ബില്യൺ ഡോളറിൻ്റെ സൗദി ക്രൂഡ് ഇറക്കുമതി ചെയ്ത ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. അതേസമയം, ചൈനയും സൗദി അറേബ്യയും തമ്മിലുള്ള മൊത്തം വ്യാപാര വിറ്റുവരവ് 106 ബില്യൺ ഡോളറിന്റേതുമാണ്. ഇതിൽ ചൈനയിലേക്കുള്ള കയറ്റുമതി മാത്രം 36.5 ബില്യൺ ഡോളറിന്റേതാണ്.

യുഎസ്-ചൈന തർക്കം വർധിച്ചതോടെ, സൗദി അറേബ്യയുൾപ്പെടെയുള്ള വിദേശ വ്യാപാരത്തിനായി ചൈന യുവാൻ ഉപയോഗിക്കാനുള്ള സമ്മർദ്ദം ചെലുത്തുന്നുണ്ട്. 2023-ൽ, ചൈനയും സൗദി അറേബ്യയും തങ്ങളുടെ കറൻസികൾ ഉപയോഗിച്ച് വ്യാപാരം വർദ്ധിപ്പിക്കുന്നതിനും ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 7 ബില്യൺ ഡോളറിൻ്റെ പ്രാദേശിക കറൻസി സ്വാപ്പ് കരാറിൽ ഒപ്പുവെച്ചിട്ടുമുണ്ട്.