ടൊറോന്റോ: കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ നദിയിൽ മുങ്ങിമരിച്ച എട്ട് പേരിൽ രണ്ട് പേരെ തിരിച്ചറിഞ്ഞതായി പോലീസ്. കനേഡിയൻ പൗരനായ ഫ്ലോറിൻ അയോർദാക്(28), ക്രിസ്റ്റീന അയോർദാക്(28) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഇവരുടെ പക്കൽ നിന്ന് രണ്ടും ഒന്നും വയസുള്ള കുട്ടികളുടെ പാസ്പോർട്ടുകളും കണ്ടെത്തി. ഈ കുട്ടികളും അപകടത്തിൽ മരണപ്പെട്ടിരുന്നു.
റുമേനിയൻ, ഇന്ത്യൻ വംശജരായ കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ചയാണ് കണ്ടെത്തിയത്. ന്യുയോർക്ക് സംസ്ഥാനത്തിന് വടക്കുള്ള സെന്റ് ലോറന്‍സ് നദിയിലാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഓക്വെൻസോ മേഖലയിലെ ചതുപ്പ് പ്രദേശത്താണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കിയതോടെ കാനഡയിലെ ക്യുബെക്, ഒന്റാറിയോ മേഖലകളിൽ നിന്ന് അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥിസംഘമാണ് അപകടത്തിൽപ്പെട്ടത്.



