ന്യൂജേഴ്സി: ന്യൂജേഴ്സി മലയാളികളുടെയിടയിൽ ഏറെ പ്രശസ്തിയാർജ്ജിച്ച മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്)യുടെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 ന് നടക്കും. ന്യൂജേഴ്സി പറ്റേഴ്സസണ് സെന്റ് ജോർജ് സീറോ മലബാർ ചർച്ച് ഹാളിൽ 11നു വൈകിട്ട് അഞ്ചമുതൽ ഒൻപതുവരെയായിരിക്കും ആഘോഷപരിപാടികൾ നടക്കുകയെന്ന് മഞ്ച് പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി, കല്ലക്കാവുങ്കൽ, ട്രഷറർ ഷിബു മാത്യു മാടക്കാട്ട് തുടങ്ങിയവർ അറിയിച്ചു.
ഫെക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മഞ്ച് പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, വൈസ് പ്രസിഡന്റ് രജ്ഞിത്ത് പിള്ള, ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. അനീഷ് ജെയിംസ്, ഷിബുമോൻ മാത്യു എന്നിവരാണ് ഓണാഘോഷ പരിപാടിയുടെ കോ-ഓഡിനേറ്റർമാർ. അനീഷ് ജെയിംസ് സ്വാഗതവും സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ നന്ദിയും പറയും.
പതിവുപോലെ മഞ്ചിലെ പ്രഗത്ഭരായ അംഗനമാരുടെ തിരുവാതിരയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് നടക്കുന്ന പൊതുപരിപാടി ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ ഉദഘാടനം ചെയ്യും. ഫൊക്കാന പ്രസിഡന്റായശേഷം മഞ്ചിന്റെ ആതിഥ്യം സ്വീകരിച്ച് ആദ്യമായി എത്തുന്ന ഡോ. ബാബു സ്റ്റീഫനെ ചടങ്ങിൽ ആദരിക്കും. ഫൊക്കാന സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു കൊട്ടരക്കര, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട മഞ്ചിന്റെ നേതാവ് ഷാജി വർഗീസ്, അസോസിയേറ്റ് സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ന്യൂജേഴ്സിയിൽ നിന്നു തന്നെയുള്ള ജോയി ചാക്കപ്പൻ(കെ.സി.എഫ്) , ന്യൂജേഴ്സി ആർ.വി.പി ദേവസി പാലാട്ടി (കെ.സിഎഫ്) എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ഫൊക്കാനയുടെ കഴിഞ്ഞ ഭരണസമിതിയിൽ സെക്രട്ടറിയും അതിനു മുൻപുള്ള കമ്മിറ്റിയിൽ ട്രഷററും ആയി ഏറെ പ്രശസ്തിയും പ്രഗൽഭ്യവും തെളിയിച്ച മഞ്ചിന്റെ മുൻ പ്രസിഡന്റും സ്ഥാപക നേതാവുമായ സജിമോൻ ആന്റണിയെയും ചടങ്ങിൽ പ്രത്യേകം ആദരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന കലാവിരുന്നിൽ മഞ്ചിലെ കുരുന്നു പ്രതിഭകൾ മുതൽ അമ്മമാർ വരെയുള്ളവരുടെ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും.



