ടൊറന്റോ: കനേഡിയൻ ദമ്പതികളായ എഡിത്ത് ലാമെയും സെബാസ്റ്റ്യൻ പെല്ലറ്റിയറും നാലു മക്കളുമായി ലോക യാത്രയിലാണ്. കാരണം, വേറെ ഒന്നുമല്ല.
കുടുംബത്തിലെ മൂന്ന് കുട്ടികൾക്കും അധികം വൈകാതെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും. കാഴ്ച പൂര്‍ണമായും നഷ്ടമാകുന്നതിനു മുന്‍പ് മക്കൾക്ക് നിറമുള്ള നിമിഷങ്ങളും കാഴ്ചകളും കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതാപിതാക്കൾ ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്.
മൂത്ത മകളായ മിയ ലെമേ-പെല്ലെറ്റിയറിന്, റെറ്റിനിസ് പിഗ്മെന്റോസ ഉണ്ടെന്ന് മാതാപിതാക്കൾ കണ്ടെത്തുന്നത് 2018 -ലെ ഒരു വൈകുന്നേരമാണ്. കാഴ്ചയ്ക്ക് അത്ര തെളിച്ചം പോരാ എന്ന് തോന്നിയപ്പോഴായിരുന്നു പരിശോധിച്ചത്. പിന്നീട് ആണ്മക്കളായ ഏഴുവയസുകാരന് കോളിനും അഞ്ചുവയസുകാരന് ലോറന്റിനും ഇതേ ലക്ഷണങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാൽ രണ്ടാമതായി ജനിച്ച ലിയോ എന്ന സഹോദരന് പ്രശ്നങ്ങളൊന്നുമില്ല.
ലെമേയും സെബാസ്റ്റ്യനും വിവാഹിതരായിട്ട് 12 വര്‍ഷം കഴിഞ്ഞു. ക്യൂബെക്കിൽ ഫൈനാൻസ് ജോലി ചെയ്യുകയാണ് ഇരുവരും. ആൺമക്കൾക്ക് കൂടി കാഴ്ച നഷ്ടപ്പെടാൻ പോവുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ മക്കളുമായി ലോകയാത്ര നടത്താൻ തീരുമാനിച്ചത്. ഇതിനോടകം ഇവർ നമീബിയ, സാംബിയ, ടാൻസാനിയ, തുർക്കി, മംഗോളിയ എന്നിവ സന്ദർശിച്ചു കഴിഞ്ഞു.
നോഹരമായ കാഴ്ചകളെക്കുറിച്ചുള്ള ഓര്‍മകള്‍ മക്കളിലുണ്ടാകുന്നതിനു വേണ്ടിയാണ് ലോകം ചുറ്റാൻ തീരുമാനിച്ചത്. ഒപ്പം ഓരോ യാത്രയിലും അവർ പുതിയ പാഠങ്ങൾ പഠിക്കും.
രോഗം മൂര്‍ച്ഛിക്കുന്നതിന്റെ വേഗതയെ കുറിച്ച് തങ്ങൾക്ക് അറിയില്ല. ജീവിതത്തിന്റെ പകുതിയോടെ മക്കൾ പൂര്‍ണമായും അന്ധരാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ലെമേയും സെബാസ്റ്റ്യനും പറയുന്നു.



