ഹൈദരാബാദ്: ഓൺലൈൻ വായ്പ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആന്ധ്രാപ്രദേശിൽ ദമ്പതിമാർ ജീവനൊടുക്കി. അല്ലൂരി സ്വദേശിയും രാജമഹേന്ദ്രവരം ശാന്തിനഗറിൽ താമസക്കാരനുമായ കൊല്ലി ദുർഗ റാവു, ഭാര്യ രമ്യലക്ഷ്മി എന്നിവരാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഹോട്ടലിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മകളുടെ ജന്മദിനത്തിലായിരുന്നു ദാരുണസംഭവം.

ദമ്പതിമാർ രണ്ട് ഓൺലൈൻ വായ്പ ആപ്പുകളിൽനിന്ന് പണം വായ്പയെടുത്തിരുന്നതായും ഇത് തിരിച്ചടക്കാത്തതിനാൽ രമ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ആപ്പ് കമ്പനിക്കാർ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇവർ രമ്യയുടെ മോർഫ് ചെയ്ത ചിത്രം വാട്സാപ്പിലൂടെ അയച്ചുനൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതിമാർ വെസ്റ്റ് ഗോദാവരിയിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്. 

ആറുവർഷം മുമ്പാണ് ദുർഗ റാവുവും രമ്യയും വിവാഹിതരായത്. ദമ്പതിമാർക്ക് നാലും രണ്ടും വയസ്സുള്ള പെൺകുട്ടികളുണ്ട്. ദുർഗ റാവു പെയിന്ററും രമ്യ തയ്യൽ ജോലിക്കാരിയുമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് ഇവർ രണ്ട് ആപ്പുകൾ വഴി വായ്പയെടുത്തത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ആപ്പ് കമ്പനിക്കാരുടെ ഉപദ്രവം ആരംഭിച്ചു. ഇതോടെ ചെറിയ തുക ദമ്പതിമാർ അടച്ചെങ്കിലും മുഴുവൻ പണവും ഉടൻ അടയ്ക്കണമെന്നായിരുന്നു ആപ്പുകാരുടെ നിർദേശം. മാത്രമല്ല, ആപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്.

ഇതിനുപിന്നാലെയാണ് പണം അടച്ചില്ലെങ്കിൽ രമ്യയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ആരംഭിച്ചത്. ഭീഷണി തുടർന്നതോടെ പണം കണ്ടെത്താനായി പത്തുദിവസം മുമ്പ് ദുർഗ റാവു ഡെലിവറി ബോയ് ആയി ജോലിക്കും പോയിത്തുടങ്ങി. എന്നാൽ ഈ വരുമാനം കൊണ്ടും പണം തിരിച്ചടയ്ക്കാനായില്ല. ഇതിനിടെയാണ് ഓൺലൈൻ വായ്പ കമ്പനിക്കാർ വീണ്ടും ഭീഷണിപ്പെടുത്തിയത്. രമ്യയുടെ മോർഫ് ചെയ്ത ചിത്രം വാട്സാപ്പിലേക്ക് അയച്ചുനൽകിയായിരുന്നു ഇത്തവണ ഭീഷണി. രണ്ടുദിവസത്തിനകം മുഴുവൻ തുകയും അടച്ചില്ലെങ്കിൽ ഈ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണിസന്ദേശം. ഇതോടെ ദമ്പതിമാർ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. 

സെപ്റ്റംബർ അഞ്ചാം തീയതിയാണ് ഇരുവരും മക്കളെയും കൂട്ടി വെസ്റ്റ് ഗോദാവരിയിലെ ഹോട്ടലിൽ മുറിയെടുത്തത്. ഇവിടെനിന്ന് രമ്യ ബന്ധുവിനെ വിളിച്ച് തങ്ങൾ ജീവനൊടുക്കാൻ പോവുകയാണെന്നും മക്കളെ നോക്കണമെന്നും പറഞ്ഞിരുന്നു. ഇതോടെ ബന്ധു ഹോട്ടൽ അധികൃതരെ വിളിച്ച് വിവരമറിയിച്ചു. തുടർന്ന് ഹോട്ടൽ അധികൃതർ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ ദമ്പതിമാരായ രണ്ടുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.