തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. തിരുവനന്തപുരം എകെജി ഹാളില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കുടുംബസമേതമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.

നേതാക്കൾ കൈമാറിയ മാല പരസ്പരം ചാർത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, തിരുവനന്തപുരം,കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ, വധു വരന്മാരുടെ അടുത്ത ബന്ധുക്കൾ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്.

ചായ സൽക്കാരം മാത്രം അതിഥികൾക്കായി ഒരുക്കിക്കൊണ്ടുള്ള ലളിതമായ വിവാഹാഘോഷമാണ് നടന്നത്. ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തിലും സൂചിപ്പിച്ചിരുന്നു.

ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ആര്യ രാജേന്ദ്രനും സച്ചിൻ ദേവും പ്രണയത്തിലാവുന്നത്. വിവാഹിതരാകണമെന്ന ആ​ഗ്രഹം അറിയിച്ചപ്പോൾ വീട്ടുകാരും പാർട്ടിയും കൂടെനിന്നു. ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്.

സിപിഎം ചാല ഏരിയാ കമ്മിറ്റി അം​ഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അം​ഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നടൻ ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ എംഎൽഎയായത്.