ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി ഗൗതം അദാനി ലോക കോടീശ്വര പട്ടികയിൽ മൂന്നാമതെത്തി. ഇതാദ്യമായാണ് ബ്ലൂംബർഗ് കോടീശ്വര പട്ടികയിൽ ഒരു ഏഷ്യക്കാരൻ മൂന്നാമതെത്തുന്നത്.
10,97,310 കോടി രൂപ(137.40 ബില്യൺ ഡോളർ)യാണ് അദാനിയുടെ ആസ്തി. ഇലോൺ മസ്ക്, ജെഫ് ബെസോസ് എന്നിവർമാത്രമാണ് ഇനി അദാനിക്കുമുന്നിലുള്ളത്. 7,33,936 കോടി(91.90 ബില്യൺ ഡോളർ) രൂപ ആസ്തിയുള്ള മുകേഷ് അംബാനി പട്ടികയിൽ 11-ാം സ്ഥാനത്താണ്.
ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി നാലാമതെത്തിയത് കഴിഞ്ഞ മാസമാണ്. 2022ൽ മാത്രം അദാനിയുടെ സമ്പത്തിൽ 60.9 ബില്യൺ ഡോളറിന്റെ വർധനവാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ ഫെബ്രുവരിയിൽ മറികടന്നു. കഴിഞ്ഞ മാസം ബിൽ ഗേറ്റ്സിനെയും.
ജീവകാരണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ബിൽഗേറ്റ്സ് ഉൾപ്പടെയുള്ളവർ നീക്കവെച്ചതാണ് ഇവരെ മറികടക്കാൻ അദാനിയെ സഹായിച്ചത്. ഗേറ്റ്സ് 20 ബില്യൺ ഡോളറും വാറൻ ബഫറ്റ് 35 ബില്യൺ ഡോളറുമാണ് ഇത്തരത്തിൽ ചെലവഴിച്ചത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തുകയിൽ അദാനിയും വർധനവരുത്തിയിട്ടുണ്ട്. 60-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂണിൽ 7.7 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.



