മുംബൈയില്‍ ഇന്ന് രാവിലെ മുതല്‍ ശക്തിയായ കാറ്റും മഴയും വിവിധ ഭാഗങ്ങളില്‍ നാശം വിതച്ചു. നവി മുംബൈയില്‍ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഉറാനില്‍ മതില്‍ തകര്‍ന്ന് ഒരാള്‍ മരിച്ചു, പാം ബീച്ച്‌ റോഡില്‍ തെരുവ് വിളക്ക് വീണതിനെ തുടര്‍ന്നും ഒരാള്‍ കൊല്ലപ്പെട്ടു.
മഹാരാഷ്ട്രയുടെ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയും തിങ്കളാഴ്ച രാവിലെയോടെ മുംബൈ തീരത്തേക്ക് അടുക്കുകയും ചെയ്തതോടെ നഗരം അതീവ ജാഗ്രതയിലാണ്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം മെയ് 17 ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 4 വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. മുംബൈയിലെ മോണോറെയില്‍ സര്‍വീസുകള്‍ ഒരു ദിവസത്തേക്ക് നിര്‍ത്തിവച്ചു കൂടാതെ ബാന്ദ്ര സീ ലിങ്ക് പാതയും അടച്ചു. സെന്‍‌ട്രല്‍ റെയില്‍‌വേയുടെ ലോക്കല്‍ ട്രെയിന്‍‌ സര്‍വീസുകള്‍‌ തടസ്സപ്പെട്ടു.
അതിശക്തമായ ചുഴലിക്കാറ്റ് തീവ്രതയോടെയാണ് മുംബൈ തീരത്തേക്ക് അടുക്കുന്നതെന്നും ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യന്‍ നാവികസേനയും അതീവ ജാഗ്രതയിലാണെന്നും ബി എം സി അധികൃതര്‍ അറിയിച്ചു
മുംബൈയില്‍ ഓറഞ്ചു അലര്‍ട്ട് പ്രഖാപിച്ചിരിക്കുകയാണ്. കൂടാതെ പാല്‍ഘര്‍ തുടങ്ങിയ തീര ദേശ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അഗ്നിശമന സേനയെയും രക്ഷാ പ്രവര്‍ത്തന സംഘങ്ങളെയും വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുവാനായി നഗരത്തിലെ 24 വാര്‍ഡുകളില്‍ അഞ്ച് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ബി എം സി പറഞ്ഞു