മുംബയ് : മുംബയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ദുരിതം വിതച്ച്‌ ശക്തമായ കാറ്റും. മണിക്കൂറില്‍ 107 കിലോമീറ്റര്‍ വരെയുള്ള കാറ്റാണ് മുംബയ് തീരത്ത് വൈകിട്ടോടെ വീശിയടിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. ജനങ്ങള്‍ കഴിവതും പുറത്തിറങ്ങാതിരിക്കാനാണ് നിര്‍ദ്ദേശം.

മന്ത്രി ആദിത്യ താക്കറെയും മുംബയ് നിവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുറമുഖ മേഖലയില്‍ വലിയ ക്രെയ്നുകള്‍ മുതല്‍ വീടുകളുടെ മേല്‍ക്കൂരകള്‍ക്ക് വരെ നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. മരങ്ങള്‍ കടപുഴകി വീണു. അടുത്ത നാല് മണിക്കൂര്‍ വരെ കാറ്റ് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് മുതല്‍ വാശി വരെയും താനെയിലേക്കുമുള്ള ട്രെയിനുകള്‍ താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് 7ന് തുടങ്ങിയ പേമാരി അടുത്ത 10 മണിക്കൂര്‍ കൂടി ശക്തമായി തുടരും.