റിയാദ്: മരുഭൂമിയിലേക്ക് മണൽ ഇറക്കുമതി ചെയ്യുകയാണ് സൗദി അറേബ്യ . ആരെയും ഒന്ന് അമ്പരപ്പിക്കും ഈ വാര്‍ത്ത. ഒട്ടും അതിശയോക്തിയില്ല. സൗദി അറേബ്യ ഓസ്ട്രേലിയയിൽ നിന്നും മറ്റും മണൽ ഇറക്കുമതി ചെയ്തു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടിയാണിത്. സൗദിയിൽ മണൽ ആവശ്യത്തിലധികമുണ്ടെങ്കിലും അവ ഒട്ടും ഉപകാരത്തിന് കൊള്ളില്ല എന്നതാണ് പ്രശ്നം. നിര്‍മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തക്കതായ ഗുണനിലവാരം സൗദി മരുഭൂമിയിലെ മണലിനില്ല.
കോൺക്രീറ്റിങ്ങിന് ഉപയോഗിക്കാവുന്ന മണലിന് വേണ്ട ഒരു പ്രധാന ഗുണം അവ വശങ്ങൾ കൂര്‍ത്തും മൂർച്ചയോടെയും ഇരിക്കണം എന്നതാണ്. പരുക്കൻ പ്രതലമുള്ള മണലിന് മാത്രമേ കോൺക്രീറ്റിനെ ഉറപ്പുള്ളതാക്കാൻ കഴിയൂ. എന്നാൽ സൗദിയിലെ മണലിന്റെ പ്രത്യേകത അവ ഉരുണ്ട് മിനുത്തതാണ് എന്നതാകുന്നു. മിനുസമാർന്നതും വൃത്താകൃതിയിലുള്ളതുമാണ് സൗദി മരുഭൂമിയിലെ മണൽ. ഈ മണൽ ഉപയോഗിച്ചാൽ അത് സിമന്റുമായി ഒരു കാരണവശാലും യോജിക്കില്ല. ഫലം കോൺക്രീറ്റ് ഉറപ്പില്ലാത്തതായി മാറും.
എന്തുകൊണ്ടാണ് സൗദിയിലെ മണൽ ഇങ്ങനെ ഉരുണ്ടതും മിനുത്തതുമായത്? ഈ മരുഭൂമി രൂപപ്പെട്ടിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. ഇക്കാലമത്രയും ശക്തമായ മരുക്കാറ്റിൽ അങ്ങുമിങ്ങും പാറിനടക്കുകയായിരുന്നു അവയുടെ പ്രധാന ജോലി. ഈ പാറിപ്പറക്കലിൽ ഒരു വലിയ മാറ്റം സംഭവിച്ചു. മണൽത്തരികളുടെ പ്രതലം മിനുസമായിത്തീർന്നു. മരുഭൂമിയിലെ മണൽത്തരികൾ നേരിൽ കണ്ടിട്ടുള്ളവർക്ക് ഇത് ബോധ്യപ്പെടും. കാറ്റിന്റെ തുടർച്ചയായ ഈ ‘ആക്രമണത്തിൽ’ സിമന്റുമായി നന്നായി ബന്ധിതമാകാത്ത തരത്തിലുള്ള ആകൃതിയിലേക്ക് മണലുകൾ മിനുസപ്പെട്ടിരിക്കുന്നതായി കാണാം.
നദികളിലേക്ക് എത്തുന്ന മണലും, ക്വാറികളിൽ പൊടിക്കുന്ന പാറപ്പൊടിയുമെല്ലാം പരുക്കനായ, കോണാകൃതിയിലുള്ള പ്രതലങ്ങൾ ഉണ്ടാകും. കോൺക്രീറ്റിൽ ഉപയോഗിക്കുമ്പോൾ അവ പരസ്പരം ഉറച്ചു നിൽക്കുന്നതിന് ഈ പരുക്കൻ പ്രതലം സഹായിക്കുന്നു. എന്നാൽ കാറ്റിൽ പരസ്പരം കൂട്ടിയിടിച്ചും ഉരസിയും ആയിരത്താണ്ടുകളായി കഴിയുന്ന മണലിന് ഈ പരുക്കത്തരം ഒരിക്കലും ലഭിക്കില്ല.
കോൺക്രീറ്റ് മിശ്രിതത്തിൽ മരുഭൂമിയിലെ മണൽ ചേര്‍ത്താൽ അവ ബോൾ ബെയറിംഗുകളെ പോലെ പെരുമാറുമെന്നാണ് വിദഗ്ധർ പറയുന്നത്. വൃത്താകൃതിയിലുള്ള മിനുസത്തരികൾ പരസ്പരം കടിച്ചു നിൽക്കുകയില്ല. പകരം ദുർബ്ബലമായി സിമന്റ് പേസ്റ്റിൽ കിടക്കുന്നു. കോൺക്രീറ്റിൽ നിറയെ ഗ്യാപ്പുകൾ വരാൻ ഇത് കാരണമാകുന്നു. കോൺക്രീറ്റിൽ കൂടുതൽ എളുപ്പത്തിൽ വിള്ളൽ വീഴുന്നു. സൗദി അറേബ്യയുടെ മെഗാ പ്രോജക്റ്റുകൾക്ക് ഒരിക്കലും ഇത്തരം മണൽ ഉപയോഗിക്കാനാകില്ല.
സൗദിക്ക് ആവശ്യമെങ്കിൽ പാറപ്പൊടി ഉപയോഗിച്ചൂടേ എന്ന് ആലോചിക്കുന്നവരുണ്ടാകാം. കോൺക്രീറ്റിന് ഏറ്റവും യോജിച്ചത് പാറപ്പൊടിയാണ്. മണലിനെക്കാൾ പരുക്കനാണ് അവ. എന്നാൽ പാറപ്പൊടിക്ക് ഇറക്കുമതി ചെയ്യുന്ന മണലിനെക്കാൾ ചെലവ് കൂടുതലാണ്. താരതമ്യേന കുറഞ്ഞ വിലയിൽ ഓസ്ട്രേലിയയിൽ നിന്നും മറ്റും മണൽ ഇറക്കിക്കിട്ടുമ്പോൾ എന്തിനാണ് പാറ പൊടിക്കാൻ നടക്കുന്നത്?
2023-ൽ മാത്രം ഓസ്ട്രേലിയയിൽ നിന്ന് നിർമ്മാണത്തിന് യോജിച്ച മണൽ ഇറക്കുമതി ചെയ്യാൻ സൗദി അറേബ്യ ഏകദേശം 140,000 ഡോളർ ചെലവിട്ടതായാണ് വിവരം. നദികൾ, തടാകങ്ങൾ, കടൽത്തീരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള മണലാണ് സൗദി ഇറക്കുമതി ചെയ്യുന്നത്. ഒബ്സർവേറ്ററി ഓഫ് ഇക്കണോമിക് കോംപ്ലക്സിറ്റിയുടെ കണക്കനുസരിച്ച് 2023 ൽ ഓസ്ട്രേലിയ ഏകദേശം 273 മില്യൺ ഡോളർ മൂല്യമുള്ള മണൽ കയറ്റുമതി ചെയ്തിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ മണൽ കയറ്റുമതിക്കാരാണ് നിലവിൽ ഓസ്ട്രേലിയ . സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവ കയറ്റുമതി ചെയ്യുന്നത്. നദികൾ, ക്വാറികൾ, ഹിമാനികൾ എന്നിവ എമ്പാടുമുള്ള ഓസ്ട്രേലിയയ്ക്ക് ഇത് ഏതാണ്ട് വെറുതെയിരുന്ന് ഉണ്ടാക്കുന്ന സമ്പത്താണ്.
ദുബായിലെ ബുർജ് ഖലീഫ ഉണ്ടാക്കാനും മരുഭൂമിയിലെ മണലല്ല ഉപയോഗിച്ചത്. ഏകദേശം 330,000 ക്യുബിക് മീറ്റർ കോൺക്രീറ്റ് ആവശ്യമായിരുന്നു ഈ നിർമിതിക്ക്. യുഎഇയിലെ പാം ജുമൈറ കൃത്രിമ ദ്വീപിൽ നിന്നും, പേർഷ്യൻ ഗൾഫിലെ ചില സ്ഥലങ്ങളിൽ നിന്നുമെല്ലാം ഡ്രഡ്ജ് ചെയ്ത് ബുർജ് ഖലീഫയ്ക്ക് വേണ്ടി മണൽ എടുത്തിരുന്നു.



