കൊച്ചി: കിഫ്ബി ഫണ്ടുകളുടെ വിതരണം സാമൂഹ്യ അസമത്വം വളർത്തുന്ന രീതിയിലാണ് നടന്നു വന്നതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം. കണ്ണൂരിലേക്ക് എല്ലാ വികസന പദ്ധതികളും പോകുന്ന രീതിയിലാണ് കിഫ്ബിയുടെ പദ്ധതി അനുമതികളുണ്ടായത്. ഇത് സംസ്ഥാനത്ത് വികസനപരമായ അസന്തുലിതാവസ്ഥ സൃഷ്ടിച്ചതായി ധവളപത്രം വ്യക്തമാക്കുന്നു.
കിഫ്ബിക്കെതിരെ ധവളപത്രം ഉന്നയിക്കുന്ന പ്രധാന വിമർശനം ഇങ്ങനെയാണ്: നിയമനിർമാണ സഭയ്ക്ക് യാതൊരു പങ്കാളിത്തവുമില്ലാത്ത ഒരു സമാന്തര ഭരണകൂടത്തെ പിണറായി വിജയൻ സർക്കാരുകൾ സൃഷ്ടിച്ചു. ജനപ്രതിനിധികൾക്ക് സഭയിലല്ല, മറിച്ച് സഭയ്ക്ക് പുറത്തുള്ള ഒരു സർക്കാരിനോട് അഭ്യര്ത്ഥന നടത്തിയാൽ മാത്രമേ തങ്ങളുടെ മണ്ഡലങ്ങളിലേക്ക് വികസന പ്രവർത്തനങ്ങളെ കൊണ്ടുവരാൻ കഴിയൂ എന്ന സ്ഥിതി വന്നു.
സംസ്ഥാനത്ത് കിഫ്ബി വഴി അനുവദിക്കപ്പെട്ട പദ്ധതികളിൽ നിലവിലെ സിപിഎം നേതൃത്വത്തിന്റെ താൽപര്യം കലർന്നു എന്ന് ചൂണ്ടിക്കാട്ടുന്ന നിരീക്ഷണങ്ങളാണ് ധവളപത്രം പങ്കുവെക്കുന്നത്. ഇക്കാര്യത്തിൽ രാഷ്ട്രീയ പക്ഷപാതം ഉണ്ടായെവന്നതിന്റെ തെളിവുകൾ കണക്കുകൾ സഹിതം എടുത്തു കാണിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലേക്കോ വികസനക്കുറവ് ഉള്ളയിടത്തേക്കോ ആണ് അടിസ്ഥാന സൗകര്യ ചെലവ് പോകേണ്ടിയിരുന്നത് എന്ന് ധവളപത്രം പറയുന്നു.
അതിനു പകരം കിഫ്ബിയുടെ പദ്ധതികളിൽ ഭൂരിഭാഗവും കണ്ണൂരിലേക്ക് പോയി. കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിലേക്കാണ് കിഫ്ബിയുടെ വികസന പ്രവര്ത്തനങ്ങൾ കൂടുതലും പോയത്. കണ്ണൂരിലേക്ക് ആകെ പദ്ധതി തുകയുടെ 20.4 ശതമാനവും പോയി. ഇത് ഏതാണ്ട് 24,406 വരും. തിരുവനന്തപുരത്ത് മാത്രം പദ്ധതി തുകയുടെ 16.7 ശതമാനവും ചെലവാക്കപ്പെട്ടു. എറണാകുളത്ത് ആകെ പദ്ധതി തുകയുടെ 11.4 ശതമാനവും ചെലവായി. അഥവാ കിഫ്ബി പദ്ധതികളുടെ ഏതാണ്ട് 50 ശതമാനവും ഈ മൂന്ന് ജില്ലകളിലായി ചെലവഴിക്കപ്പെട്ടു. ബാക്കി അമ്പത് ശതമാനം മാത്രമാണ് മറ്റുള്ള 11 ജില്ലകളിൽ ചെലവഴിക്കപ്പെട്ടത്.
സംസ്ഥാനത്തിന്റെ വിവിധ അടിസ്ഥാന സൗകര്യ മേഖലകളിലേക്ക് പദ്ധതി തുക തുല്യമായി വിഭജിക്കാൻ കിഫ്ബി തയ്യാറായില്ലെന്ന് ധവളപത്രം പറയുന്നു. ജലവിതരണം, വിദ്യാഭ്യാസം തുടങ്ങിയ നിർണായക ക്ഷേമ മേഖലകളിൽ തുല്യമായി ഫണ്ട് വിതരണം ചെയ്തില്ല. പകരം റോഡുകൾക്കും പാലങ്ങൾക്കുമായി കൂടുതൽ ഫണ്ട് ഇറക്കി. 34 ശതമാനം ഫണ്ടും കിഫ്ബി ഇറക്കിയത് ഈ മേഖലയിലാണ്. വ്യാവസായിക മേഖലയിലാണ് രണ്ടാമതായി കൂടുതൽ ഫണ്ട് ചെന്നത്. ഇവിടേക്ക് 25 ശതമാനം ഫണ്ട് ചെന്നു. ആരോഗ്യ കുടുംബക്ഷേമ മേഖലയിലേക്ക് കിഫ്ബിയുടെ 9 ശതമാനം ഫണ്ടിറങ്ങി. കിഫ്ബി ഫണ്ടിന്റെ 68 ശതമാനവും മൂന്ന് മേഖലകളിലേക്ക് മാത്രമായി നീക്കിവച്ചു.
ഇതിനെക്കാൾ ഗുരുതരമാണ് സാമുദായികമായ അസന്തുലിതത്വം സൃഷ്ടിക്കാൻ കിഫ്ബി കാരണമായി എന്ന ആരോപണം. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുള്ള ക്ഷേമ ഫണ്ടുകൾ ചുരുങ്ങുന്നതിന് കിഫ്ബി കാരണമായെന്ന് ധവളപത്രം പറയുന്നു. സംസ്ഥാന ഖജനാവിലേക്ക് പോകേണ്ട നികുതിവിഹിതങ്ങൾ കിഫ്ബിക്കു വേണ്ടി ചാലിട്ടൊഴുക്കിയപ്പോൾ കുറവ് സംഭവിച്ചത് പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വികസന, മൂലധന ചെലവുകളിലാണ്. 2017-18ൽ എസ്സി, എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പദ്ധതിച്ചെലവ് 9.24% ആയിരുന്നത് 2025-26 ൽ വെറും 3.85% ആയി കുറഞ്ഞു.
കിഫ്ബിയുടെ ഫണ്ടിന്റെ 68% വെറും മൂന്ന് വകുപ്പുകളിലേക്ക് ഒഴുകി. പൊതുമരാമത്ത്, വ്യവസായം, ആരോഗ്യം, കുടുംബക്ഷേമം. ഇതോടെ എസ്സി/എസ്ടി, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന മേഖലകളായ വിദ്യാഭ്യാസം, ജലവിതരണം, ശുചിത്വം, പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകൾ അവഗണിക്കപ്പെട്ടു. ചുരുക്കത്തിൽ ദളിത്, മൈനോരിറ്റി വിഭാഗങ്ങളുടെ ചെലവിലാണ് സമ്പന്നവിഭാഗങ്ങൾക്ക് വേണ്ടി കിഫ്ബി വലിയ തോതില് സമാപ്ത്തിക കേന്ദ്രീകരണം നടത്തിയതെന്ന് ധവളപത്രം പറയുന്നു.
സംസ്ഥാന വരുമാനം കിഫ്ബിയുടെ എസ്ക്രോ അക്കൗണ്ടുകളിലേക്ക് വഴിതിരിച്ചുവിടുന്നത് നിർത്തണമെന്നാണ് ധവളപത്രം ആവശ്യപ്പെടുന്നത്. ഈ ഫണ്ടുകൾ സാധാരണ ബജറ്റിലേക്ക് തിരികെ കൊണ്ടുവരണം. സംസ്ഥാനത്തിന് അതിന്റെ സാമ്പത്തിക വഴക്കം വീണ്ടെടുക്കാനും ക്ഷേമപ്രവർത്തനങ്ങൾ നടത്താനും, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് തിരികെയെത്താനും ഇത് ആവശ്യമാണെന്ന് ധവളപത്രം പറയുന്നു.
കിഫ്ബിയെ ഒരു സമാന്തര സാമ്പത്തിക അധികാര കേന്ദ്രം എന്നാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ഫിസ്കൽ ഹെൽത്ത് സ്റ്റാറ്റസ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ നെറ്റ് ബോറോയിങ് പരിധി മറികടക്കുന്നതിനുള്ള ഒരു തന്ത്രപരമായ പരിഹാരമെന്ന നിലയിൽ രൂപീകരിച്ച കിഫ്ബി ഫലത്തിൽ സംസ്ഥാന ബജറ്റിന് പുറത്ത് പ്രവർത്തിക്കുന്ന ഒരു സമാന്തര സർക്കാരായി മാറിയെന്ന് ധവളപത്രം പറയുന്നു. സ്വന്തമായി പദ്ധതികളുള്ള, അതിന്റെ സ്വന്തമായ നടത്തിപ്പ് ചുമതലയുള്ള ഒരു രണ്ടാം സർക്കാർ ആയി കിഫ്ബി മാറി.



