ന്യൂയോര്‍ക്ക്: മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി നിരവധി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന മുന്‍ യുഎന്‍ ഉദ്യോഗസ്ഥനെതിരെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേസെടുത്തു. എഫ്ബിഐക്ക് തെറ്റായ മൊഴി നല്‍കിയതിനാണ് കേസ്. ഇറാഖില്‍ ടെലികമ്മ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റായി പ്രവര്‍ത്തിച്ച കരിം എല്കൊറാനിക്കെതിരെയാണ് എഫ്ബിഐ കേസെടുത്തത്.
– 37കാരനായ എല്‍കൊറാനി 2018 ആദ്യം യുഎന്നില്‍ നിന്ന് രാജിവെച്ചിരുന്നു. 2016ല്‍ ഇറാഖില്‍ ജോലി നോക്കവെ മദ്യത്തില്‍ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് എഫ്ബിഐ അധികൃതര്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു രാജി.യുവതിയുമായി പരിചയമുണ്ടായിരുന്നുവെങ്കിലും മയക്ക് മരുന്ന് നല്കി ബലാത്സംഗം ചെയ്തുവെന്ന അവരുടെ വാദം എല്‍കൊറാനി നിഷേധിച്ചിരുന്നു.
2009 മുതല്‍ സമാനമായ രീതിയില്‍ എല്‍കൊറാനി കുറഞ്ഞത് അഞ്ച് സ്ത്രീകളെയെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി കുറ്റപത്രത്തില്‍ പറയുന്നു. എല്ലാവരെയും മദ്യത്തില്‍ ലഹരി കലര്‍ത്തി നല്കി അബോധാവസ്ഥയിലാക്കിയശേഷമായിരുന്നു ബലാത്സംഗം ചെയ്തതെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ കുറ്റങ്ങളെല്ലാം എല്കൊറാനിയുടെ അഭിഭാഷകന് നിഷേധിച്ചു.
ഐക്യരാഷ്ട്രസഭയുടെ വികസനവും വിദേശകാര്യബന്ധവുമായി ബന്ധപ്പെട്ട ദൗത്യത്തിലും എല്‍കൊറാനി പങ്കാളിയായിരുന്നു. അതിന് മുന്‍പ് ഇറാഖിലെ കുട്ടികള്‍ക്കായുള്ള യുഎന്‍ ധനസമാഹരണ ദൗത്യത്തിലും ജോലി ചെയ്തിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചിട്ടുണ്ട്.



