കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ.
യുവതി ഭക്ഷണം വാങ്ങിയ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയെന്ന റസ്റ്ററന്റ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
പോലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു.
ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി അല്‍ഫാം വാങ്ങിയ തിരുവാര്‍പ്പ് സ്വദേശിനി രശ്മി രാജാണ് മരിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ രാത്രിയില്‍ ഛര്‍ദിലും വയറിളക്കവുമുണ്ടായ രശ്മിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രശ്മിയെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് മരണം സംഭവിച്ചത്.
രശ്മിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, കുറ്റക്കാർക്കെതിരെ കടുത്ത നടപടി വേണമെന്നും ഈ ഗതികേട് ഇനി ആര്‍ക്കും സംഭവിക്കരുതെന്നും രശ്മിയുടെ പിതാവ് ചന്ദ്രന് പറഞ്ഞു.



