അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചോര്‍ന്നുകിട്ടിയ ഒരു വീഡിയോ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യ-യുഎസ് ബന്ധത്തെ വിവരിക്കാന്‍ ട്രംപ് പുതിയ വാചകം സൃഷ്ടിച്ചതാണ് ചര്‍ച്ചയായിരിക്കുന്നത്. ‘ഭാരത് ആന്‍ഡ് അമേരിക്ക സബ്‌സേ അച്ഛേ ദോസ്ത്’ എന്ന് ട്രംപ് ഹിന്ദിയില്‍ പറയുന്നത് കേള്‍ക്കാം.

ഇനിയും സംപ്രേഷണം ചെയ്യപ്പെടാത്ത ഒരു അഭിമുഖത്തില്‍നിന്ന് ചോര്‍ന്ന ക്ലിപ്പില്‍ ‘ഭാരത് ആന്‍ഡ് അമേരിക്ക സബ്‌സെ അച്ഛേ ദോസ്ത്’ എന്ന് ട്രംപ് പറയുന്നത് കേള്‍ക്കാം. ട്രംപിന്റെ ഏറ്റവും പുതിയ ഇന്ത്യാ അനുകൂല വാചകം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള അമേരിക്കന്‍ മുന്‍ പ്രസിഡന്റിന്റെ പദ്ധതികളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. വീണ്ടും മത്സരിക്കുമെന്ന് ട്രംപ് തന്നെ നേരത്തേ പ്രവചിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ വലിയ അടുപ്പമാണ്. 2019ല്‍ പ്രധാനമന്ത്രി മോദി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കുശേഷം, മോദിയും പ്രസിഡന്റ് ട്രംപും സംയുക്തമായി ടെക്‌സസിലെ ഹൂസ്റ്റണില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കക്കാര്‍ പങ്കെടുത്ത ‘ഹൗഡി, മോദി’ റാലിയെ അഭിസംബോധന ചെയ്തിരുന്നു. ഈ റാലിയില്‍ മോദി ട്രംപിനുവേണ്ടി വോട്ട് അഭ്യര്‍ഥനയും നടത്തിയിരുന്നു. ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവും മോദി അവിടെ മുഴക്കി. എന്നാല്‍ ജോ ബൈഡനെതിരേ ട്രംപ് വന്‍ പരാജയം ഏറ്റുവാങ്ങി.