കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങളില്‍ വന്‍ പ്രതിഷേധം നടക്കുമ്ബോള്‍ ഭരണപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ച്‌ ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെച്ചു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി. പി മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടുപേര്‍ ഇന്നലെ രാജി വെച്ചു. അഡ്‍മിനിസ്‍ട്രേറ്ററുടെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍ എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കൂട്ടരാജി.

എം മുത്തുക്കോയ, ബി ഷുക്കൂര്‍, എം. ഐ മൊഹമ്മദ്, പി.പി ജംഹാര്‍, അന്‍വര്‍ ഹുസൈന്‍, എന്‍.അഫ്‌സല്‍, എന്‍.റമീസ് തുടങ്ങിയവരാണ് രാജി വെച്ച മറ്റുള്ളവര്‍. ലക്ഷദ്വീപി​ന്റെ ചുമതലയുള്ള ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്ത് കൈമാറി. പ്രതിഷേധ സൂചകമായി ബിജെപിയുടെ പ്രാഥമിക അംഗത്വം തന്നെ ഇവര്‍ വലിച്ചെറിഞ്ഞിരിക്കുകയാണ്. പരിഷ്കാരങ്ങളില്‍ ദ്വീപിലെ ബിജെപി ക്ക് അതൃപ്തിയുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതികളോട് ഒത്തുപോകാനാകില്ലെന്നുമാണ് രാജിവെച്ചവരുടെ നിലപാട്.

ലക്ഷദ്വീപില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുണ്ടെന്നും മയക്കുമരുന്ന് കണ്ടെത്തിയെന്നും പറഞ്ഞ് കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര നടപടിയെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്ബോളാണ് ലക്ഷദ്വീപ് ബിജെപി എതിര്‍പ്പുമായി എത്തുന്നത്. അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തില്‍ പുനരാലോചന വേണം എന്ന കാര്യം ആവശ്യപ്പെട്ട് മുഹമ്മദ് കാസിം നേരത്തേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രതിഷേധ സന്ദേശമയച്ച രണ്ട് വിദ്യാര്‍ഥികളുടെ ഫോണ്‍ പിടിച്ചെടുത്തതാണ് ഇക്കാര്യത്തിലെ ഏറ്റവും പുതിയ കാര്യം. കല്‍പേനി ദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥികളോട് സ്റ്റേഷനില്‍ ഇന്ന് ഹാജരാകാനും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളുടെ ഭാ​ഗമായി അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് സേവ് ലക്ഷദ്വീപ് ഹാഷ്ടാ​ഗോടെ സന്ദേശമയച്ച വിദ്യാര്‍ഥികളുടെ ഫോണുകളാണ് പിടിച്ചെടുത്തത്.

നേരത്തെ, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് ഇ മെയില്‍ അയച്ചതിന്റെ പേരിലും രാവിലെ വിദ്യാര്‍ഥികളെ പിടികൂടിയിരുന്നു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമമെന്നാണ് നാട്ടുകാരുടെ വാദം. സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധങ്ങള്‍ ശക്തമാണ്. പ്രശ്നം രൂക്ഷമാകുമ്ബോള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ രാഷ്ട്രപതിക്ക് ഭീമഹരജി നല്‍കാനൊരുങ്ങുകയാണ് ലക്ഷദ്വീപുകാര്‍. ഇതിനായി ദ്വീപ് നിവാസികള്‍ ഒപ്പ് ശേഖരം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തെ വിവരങ്ങള്‍ നേരിട്ട് അറിയിക്കാന്‍ ലക്ഷദ്വീപ് എംപി ഇന്ന് ഡല്‍ഹിക്ക് പോകും.

ആഭ്യന്തര മന്ത്രാലയത്തെ കാര്യങ്ങള്‍ നേരിട്ട് ധരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാദ പരിഷ്കാരങ്ങളും നടപ്പാക്കി.