ലണ്ടൻ: രാഷ്ട്രീയപ്രതിസന്ധിക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ബോറിസ് ജോൺസൺ രാജിവെച്ചു. എന്നാൽ ആരാകും അദ്ദേഹത്തിന്റെ പിൻഗാമിയാവുക? ഇന്ത്യൻ വംശജനും മുൻധനമന്ത്രിയുമായ ഋഷി സുനാക്ക്, വ്യവസായ മന്ത്രി പെന്നി മോർഡന്റ് തുടങ്ങിയവരുടെ പേരുകളാണ് ഉയർന്നുവന്നിരിക്കുന്നത്.

ബ്രെക്സിറ്റ് അനുകൂല നിലപാടും മികച്ച നേതൃപാടവവുമാണ് പ്രധാനമന്ത്രിസ്ഥാനത്തേക്ക്പ രിഗണിക്കപ്പെടുന്നതിൽ വ്യവസായമന്ത്രി പെന്നി മോർഡിന്റിനുള്ള മേൽക്കൈ. ഋഷി സുനാക്കിന്റെ പേരാണ് പരിഗണനാപ്പട്ടികയിൽ രണ്ടാമതുള്ളതെന്നാണ് വിവരം. ഋഷി സുനാക്ക് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നപക്ഷം അതൊരു ചരിത്രനിമിഷം കൂടിയാകും എന്നത് തീർച്ചയാണ്.

2020 ഫെബ്രുവരി 13-നാണ് ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഋഷി അംഗമാകുന്നത്. ബോറിസ് ജോൺസൺ വിവാദത്തിൽപ്പെട്ടുലഞ്ഞതോടെ ജൂലൈ അഞ്ചിന് ഋഷി സ്ഥാനം രാജിവെച്ചിരുന്നു.

യീർ-ഉഷാ സുനാക്ക് ദമ്പതിമാരുടെ മൂന്നുമക്കളിൽ മുതിർന്നവനായി 1980 മേയ് 12 ന് സതാംപ്റ്റണിലാണ് ഋഷിയുടെ ജനനം. ഓക്സ്ഫഡ്, സ്റ്റാൻഫോഡ് എന്നീ സർവകലാശാലകളിൽനിന്ന് പഠനം പൂർത്തിയാക്കിയ ഋഷി, 2001-04 കാലയളവിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാഷസിൽ അനലിസ്റ്റായി ജോലി ചെയ്തു. പിന്നീട് ഹെഡ്ജ് ഫണ്ട് സ്ഥാപനമായ ദ ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലും ജോലി നോക്കി. 2015 മേയിലാണ് റിച്ച്മണ്ടിൽനിന്നുള്ള കൺസർവേറ്റീവ് പാർട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. 2017 പൊതുതിരഞ്ഞെടുപ്പിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെയും സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായ സുധാമൂർത്തിയുടെയും മകൾ അക്ഷതയാണ് ഋഷിയുടെ ഭാര്യ.

Read