കൊച്ചി: കെ.കെ ശൈലജയെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ സിപിഎം നടപടിയിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. ബ്രിങ് ബാക് ശൈലജ ടീച്ചർ എന്ന ഹാഷ്ടാഗിലാണ് ക്യാംപയിൻ തുടങ്ങിയിരിക്കുന്നത്. നിരവധി പേരാണ് ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതിന് എതിരെ രംഗത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് പ്രധാന വിമർശനം.

ഇടതുപക്ഷത്തിന്‍റെ വിജയം കെ.കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള പ്രവർത്തനങ്ങളുടെ കൂടി ഫലമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പുതുമുഖങ്ങൾക്ക് അവരസം നൽകാനാണ് ശൈലജയെ ഒഴിവാക്കിയത് എന്നാണ് സിപിഎം നൽകുന്ന വിശദീകരണം.

അങ്ങനെയാണെങ്കിൽ പിണറായി വിജയനെ മാത്രം നിലനിർത്തിയത് എന്തിനാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. കെ.ആർ ഗൗരിയമ്മയോടാണ് പലരും ശൈലജയെ ഉപമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ പാർട്ടി തീരൂമാനം അംഗീകരിക്കുന്നുവെന്നാണ് കെ.കെ ശൈലജയുടെ പ്രതികരിച്ചത്.