ഹൈദരാബാദ്: തെലങ്കാനയില്‍ രണ്ട് മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സാന്നിദ്ധ്യത്തില്‍ ബിആര്‍എസില്‍ ചേര്‍ന്ന കുമ്പം അനില്‍ മാതൃപാര്‍ട്ടിയിലേക്ക് മടങ്ങുന്നു. തെലങ്കാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രേവന്ത് റെഡ്ഡി അനിലിനെ വസതിയിലെത്തി സന്ദര്‍ശിച്ചു. 

രേവന്ത് റെഡ്ഡി അനിലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ചെറിയ കാരണങ്ങളാല്‍ പാര്‍ട്ടി വിട്ട അനിലിന് മടങ്ങിവരാന്‍ തടസ്സങ്ങളൊന്നുമില്ലെന്നും രേവന്ത് അനിലിനോട് പറഞ്ഞു.

യദാരി ഭുവനഗിരി ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നു അനില്‍. ജൂലൈയിലാണ് അനില്‍ ബിആര്‍എസില്‍ ചേര്‍ന്നത്. ബിആര്‍എസില്‍ ചേര്‍ന്ന ശേഷം തന്നെ അവഗണിച്ചെന്നാണ് അനിലിന്റെ പരാതി. കോണ്‍ഗ്രസ് വിജയിക്കുന്ന ബോംഗിര്‍ ലോക്‌സഭ മണ്ഡലമാണ് ചന്ദ്രശേഖര്‍ റാവു അനിലിന് വാഗ്ദാനം ചെയ്തതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.