ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: ലോകമെമ്പാടുമുള്ളവരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബഹിരാകാശയാത്രയ്ക്ക് ശുഭാന്ത്യം. ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും നടത്തിയ ബഹിരാകാശ യാത്ര വിജയകരമായി പര്യവസാനിച്ചു. വിര്‍ജിന്‍ കമ്പനികളുടെ ശതകോടീശ്വരനായ ബ്രാന്‍സണിന്റെ ഏറെക്കാലമായുള്ള ആഗ്രഹത്തിന് ഇതോടെ സാക്ഷാത്ക്കാരമായി. സാഹസിക വിനോദ സഞ്ചാരികള്‍ക്ക് ബഹിരാകാശത്തേക്ക് റോക്കറ്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിമാനങ്ങളില്‍ സവാരി നല്‍കുന്നതിന് 2004 ല്‍ ആരംഭിച്ച വിര്‍ജിന്‍ ഗാലക്റ്റിക്കിന്റെ കന്നിയാത്രയായിരുന്നു ഇത്. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ വാണിജ്യ സേവനം ആരംഭിക്കുമെന്ന് അദ്ദേഹം കരുതിയെങ്കിലും അതിനു വേണ്ടി വന്നത് നീണ്ട 17 വര്‍ഷങ്ങളായിരുന്നു. കന്നിയാത്ര വിജയകരമായതോടെ നിരവധി പേര്‍ ഇതിനായി പണമടയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആദ്യം പണമടച്ചവര്‍ ബഹിരാകാശത്തേക്ക് പറക്കും. വിര്‍ജിന്‍ ഗാലക്റ്റിക് പറയുന്നത് യാത്രക്കാര്‍ക്ക് പണമടയ്ക്കുന്നതിന് തയ്യാറാകുന്നതിന് മുമ്പായി മൂന്ന് പരീക്ഷണ പറക്കലുകള്‍ നടത്തണമെന്നാണ്.

രാവിലെ പ്രാദേശികസമയം 10.40 ഓടെയാണ് റിച്ചാര്‍ഡ്‌സനെയും സംഘത്തെയും വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് വിമാനം പറന്നുയര്‍ന്നത്. ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോര്‍ട്ടില്‍ നിന്നും വിര്‍ജിനിസ് ഫ്‌ലൈറ്റിന്റെ ലൈവ് കവറേജ് പ്രക്ഷേപണം ചെയ്തിരുന്നു. ലോകമെമ്പാടും ലക്ഷക്കണക്കിനാളുകളാണ് ഈ ലൈവ് സ്ട്രീം കണ്ടത്. ബഹിരാകാശ വിമാനം രാവിലെ 11:25 ഓടെ കാരിയര്‍ വാഹനത്തില്‍ നിന്ന് വേര്‍പെടുത്തി അതിന്റെ എഞ്ചിന്‍ 60 സെക്കന്‍ഡ് കത്തിച്ചു. ലൈവ് സ്ട്രീമില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകള്‍ റിച്ചാര്‍ഡ്‌സനും സഹയാത്രികര്‍ക്കും ഭാരക്കുറവ് അനുഭവിക്കുന്നതായി കാണിച്ചു.
മിനിറ്റുകള്‍ക്ക് ശേഷം, വിമാനം ഒരു ഗ്ലൈഡില്‍ ഭൂമിയിലേക്ക് മടങ്ങാന്‍ തുടങ്ങി, താമസിയാതെ സ്‌പേസ്‌പോര്‍ട്ടിന്റെ റണ്‍വേയില്‍ സുരക്ഷിതമായി എത്തി. ഗ്ലൈഡിനിടെ വിമാനത്തിന്റെ ക്യാബിനിലെ ക്യാമറയില്‍ സംസാരിച്ച റിച്ചാര്‍ഡ്‌സണ്‍ ഇതിനെ ‘ഒരു ജീവിതകാലത്തെ അനുഭവം’ എന്ന്
വിശേഷിപ്പിച്ചു.

ഈ യാത്രയില്‍ ഇന്ത്യന്‍ വംശജയായ സിരിശ ബന്ദ്‌ലയുമുണ്ടായിരുന്നു. ഇവര്‍ ഉള്‍പ്പെടെ ആറ് ബഹിരാകാശ യാത്രികരാണ് വിര്‍ജിന്‍ ഗലാക്ടിക്കിന്റെ സ്‌പേസ് റോക്കറ്റിലുണ്ടായിരുന്നത്. കല്‍പന ചൗളക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജയായ വനിത ബഹിരാകാശത്തേക്ക് പോയത്. അമേരിക്കന്‍ സ്‌പേസ് ക്രാഫ്റ്റ കമ്പനിയായ വിര്‍ജിന്‍ ഗലാക്ടിക് റിസര്‍ച്ച് ഓപറേഷന്‍സ് വൈസ് പ്രസിഡന്റാണ് സിരിശ. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സിരിശയുടെ ജനനം. പിന്നീട് യുഎസിലെത്തിയ ഇവര്‍ ഹൂസ്റ്റണിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ജോര്‍ജ് വാഷിംഗ്ടണില്‍ നിന്ന് എംബിഎ കരസ്ഥമാക്കി.



