കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സിറോ മലബാര്‍ സഭ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിഹാര പദയാത്ര ജനുവരി 15 ഞായറാഴ്ചയിലേക്ക് മാറ്റിവച്ചതായി അതിരൂപത സംരക്ഷണ സമിതി അറിയിച്ചു.

ബസിലിക്ക അശുദ്ധമാക്കിയ അന്യായമായ പ്രവൃത്തികളെ ഇതുവരെയും അപലിക്കാന്‍ പോലും മനസ്സുകാണിക്കാത്ത മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കത്തിനെ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിശ്വാസികളുടെ മനസ്സിന് ഏറെ മുറിവുകളുള്ളതിനാല്‍ നാളെ നടത്താനിരുന്ന പരിഹാരയാത്ര പ്രതിഷേധമായി പരിണമിക്കാനുള്ള സാധ്യതകള്‍ മനസ്സിലാക്കിയാണ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. സീറോമലബാര്‍ സഭാംഗവുംസുപ്രീം കോടതി മുന്‍ ന്യായാധിപനുമായ ജസ്റ്റീസ് കുര്യന്‍ ജോസഫും സിനഡ് അംഗങ്ങളായ മറ്റു ചില മെത്രാന്മാരും ജനാഭിമുഖ കുര്‍ബാന ഈ അതിരൂപതയില്‍ ശാശ്വതമായി നിലനിര്‍ത്താനുതകുന്ന തീരുമാനങ്ങള്‍ ഈ സിനഡ് എടുക്കുമെന്നു നല്കിയ ഉറപ്പിന്റെ കൂടി പശ്ചാത്തഠലത്തിലാണ് തീരുമാനമെന്ന് അതിരുപത സംരക്ഷണ സമിതി പത്രക്കുറിപ്പിലുടെ അറിയിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ വളരെ വ്യക്തമായി സിനഡ് പിതാക്കന്മാരേ അറിയിച്ചിട്ടുണ്ട്. നാളിതുവരെയായിട്ടും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് അതിരൂപതയിലെ വൈദികരുമായോ അല്മായരുമായോ സമാധാന പൂര്‍ണമായ ഒരു ചര്‍ച്ച പോലും നടത്തുന്നതില്‍ വിജയിച്ചിട്ടില്ല. അദ്ദേഹം വന്ന കാലം മുതല്‍ അടിച്ചമര്‍ത്തലിന്റെയും അടിച്ചേല്പിക്കലിന്റെയും ഭാഷയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ഈ അതിരൂപതയുടെ ഇടയനായിരിക്കാനോ ഈ അതിരൂപതയിലെ ദൈനംദിന ഭരണകാര്യങ്ങള്‍ സഭാത്മകമായി നിര്‍വഹിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ അയോഗ്യതാ പത്രം തയ്യാറാക്കി 357 വൈദികരുടെ ഒപ്പോടുകൂടി സിനഡ് പിതാക്കന്മാര്‍ക്ക് നല്കിയിട്ടുണ്ടെന്ന് സംരക്ഷണ സമിതി അറിയിച്ചു.

ഭൂമിയിടപാടു കേസിലും ലിറ്റര്‍ജി കേസിലും സിനഡ് ഒന്നാകെ അധികാരത്തെയും അധികാരികളെയും രക്ഷിക്കുക എന്ന തലത്തിലല്ലാതെ ധാര്‍മികതയുടെയോ സത്യത്തിന്റെയോ വെളിച്ചത്തിലോ അല്ല തീരുമാനങ്ങള്‍ എടുത്തതും പദ്ധതികള്‍ തയ്യാറാക്കിയതും. ഭിന്നാഭിപ്രായം പറയുന്ന മെത്രാന്മാരെ അടിച്ചിരുത്തുന്ന ഒരു ലോബി സിനഡിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. വൈദികരെയും അല്മായരെയും വിശ്വാസത്തിലെടുക്കാതെയും അവരോട് കൂടിയാലോചിക്കാതെയും പൊതുവായ തീരുമാനങ്ങള്‍ എടുക്കുന്ന സിനഡിനു തന്നെ ധാര്‍മികതയും സിനഡാലിറ്റിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നു വിലയിരുത്തുന്ന പേപ്പറും സിനഡു പിതാക്കന്മാര്‍ക്ക് അയച്ചിട്ടുണ്ട്.

2022 ഡിസംബര്‍ 23, 24 തീയതികളില്‍ സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയെ അവഹേളിച്ച ബസിലിക്ക അഡ്മിനിസ്‌ട്രേറ്ററേയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധമായ അള്‍ത്താര അടിച്ചു തകര്‍ത്തവരെയും സഭയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള നടപടിയാണ് സിനഡ് എടുക്കേണ്ടത്. അതിനു പകരം ജനാഭിമുഖ കുര്‍ബാന ചൊല്ലിയ വൈദികരെ കുറ്റപ്പെടുത്താനാണ് സിനഡ് പിതാക്കന്മാരുടെ ശ്രമം. ഇത്തരത്തിലുള്ള ആസുത്രിത പദ്ധതികള്‍ക്കൊന്നും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെയോ ജനങ്ങളെയോ ഭിന്നിപ്പിക്കാനോ തകര്‍ക്കാനോ സാധിക്കുകയില്ലെന്നു കാണിച്ച് ആ ദിവസങ്ങളില്‍ ബസിലിക്കിയില്‍ നടന്ന കാര്യങ്ങളുടെ നേര്‍ സാക്ഷ്യവും സിനഡ് പിതാക്കന്മാര്‍ക്ക് അയച്ചിട്ടുണ്ട്.

നിവേദനത്തില്‍ നാലു കാര്യങ്ങളാണ് വൈദികര്‍ സിനഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്:

1. സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന കാര്യങ്ങളുടെ സത്യാവസ്ഥ നിഷ്പക്ഷമായി മനസ്സിലാക്കണമെങ്കില്‍ സിനഡ് ഒരു സ്വതന്ത്ര കമ്മീഷനെ നിയമിക്കണം. ആ കമ്മീഷനില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും അല്മായര്‍ക്കും സമ്മതരായ വ്യക്തികളെയും ഉള്‍പ്പെടുത്തണം.

2. കഴിഞ്ഞ 60 വര്‍ഷമായി അതിരൂപതയില്‍ ചൊല്ലിവരുന്ന ജനാഭിമുഖ കുര്‍ബാന ഇവിടെ ഒരു ആചാര അവകാശമായി എന്നും തുടരാന്‍ അനുവദിക്കണമെന്നതാണ് ഏറ്റവും വലിയ ആവശ്യം. നടപടിക്രമം പാലിക്കാതെയും കൂടിയാലോചിക്കാതെയും എടുത്ത ഏകീകൃത കുര്‍ബാന സിനഡ് പിന്‍വലിക്കണം.

3. ജനാഭിമുഖ കുര്‍ബാനയുടെ കാര്യത്തില്‍ അതിരൂപതയുടെ മുഴുവന്‍ ദൈവജനത്തിന്റെ ഹൃദയമിടിപ്പ് തൊട്ടു മനസ്സിലാക്കിയ വ്യക്തിയാണ് മെത്രാപ്പോലീത്തന്‍ വികാരിയായിരുന്ന ആര്‍ച്ചുബിഷപ് ആന്റണി കരിയില്‍. അദ്ദേഹം സിനഡിന്റെ തീരുമാനത്തിനനുകൂലമായി സര്‍ക്കുലര്‍ ഇറക്കിയില്ല എന്നു പറഞ്ഞാണ് അദ്ദേഹത്തെ സിനഡ് ഒന്നടങ്കം ആക്ഷേപിച്ച് രാജി വപ്പിച്ചത്.

ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിനെ തന്നെ സിനഡ് പിതാക്കന്മാര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി വച്ച് പ്രശ്‌നം അടിച്ചൊതുക്കാനാണ് ശ്രമിച്ചത്. അതുവഴി സീറോ മലബാര്‍ സഭയെന്നല്ല കത്തോലിക്കാ സഭ തന്നെ ഇപ്പോള്‍ നാണംകെട്ടു. അതിനാല്‍ ആര്‍ച്ചുബിഷപ് ആന്റണി കരിയിലിനോട് സിനഡ് നീതി കാണിക്കണമെന്നത് ധാര്‍മികതയുടെ അനിവാര്യതയാണ്.

4. അടിച്ചമര്‍ത്താനും അടിച്ചേല്പിക്കാനും നിയമിതനായ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വന്‍ പരാജയമാണെന്ന് കാലം തെളിയിച്ചിരിക്കുന്നു. സിനഡില്‍ സൗമ്യരും സമാധാനപ്രിയരുമായ എത്രയോ പിതാക്കന്മാരുണ്ട്. അതിനാല്‍ ഇനി ഈ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ വച്ച് എറണാകുളം-അങ്കമാലി അതിരൂപത മുന്നോട്ട് പോകില്ല എന്ന സത്യം മനസ്സിലാക്കി പകരം സംവിധാനം ഈ സിനഡ് നടപ്പിലാക്കണം.

അതിരൂപതയിലെ വൈദികരുടെയും അല്മായരുടെയും ഈ ആവശ്യങ്ങള്‍ സാധിച്ചുകിട്ടുന്നതുവരെ വര്‍ദ്ധിത വീര്യത്തോടെ സത്യത്തിനും നിതിക്കും വേണ്ടി ഞങ്ങള്‍ സിനഡിനോടുള്ള പോരാട്ടം തുടരുന്നതാണെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയെന്ന് പി.ആര്‍ഒ ഫാ. ജോസ് വൈലികോടത്ത് അറിയിച്ചു.