ന്യൂഡല്‍ഹി : പട്ടിണിയകറ്റാന്‍ ഇഷ്ടികക്കളത്തില്‍ ജോലിയ്ക്കിറങ്ങിയ ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം സംഗീത സോറന് സഹായം പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു. ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് മാന്യമായ ജീവിത സാഹചര്യം സൃഷ്ടിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത് എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ കായിക താരമാണ് 20 കാരിയായ സംഗീത സോറന്. ജാര്‍ഖണ്ഡ് സ്വദേശിയായ സംഗീത ഭൂട്ടാനിലും തായ്ലാന്റിലും നടന്ന അണ്ടര്‍-18 അണ്ടര്‍-19 ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ കൊറോണ സംഗീതയുടെ ജീവിതത്തെ മാറ്റിമറിച്ചു. കാഴ്ച്ചശക്തി പകുതി മാത്രമുള്ള അച്ഛന് ദുബ സോറനും ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ സംഗീതയും അമ്മയും ഇഷ്ടികക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇഷ്ടികക്കളത്തിലെ ജോലിയ്ക്കിടെ സംഗീത പരിശീലനത്തിന് സമയം കണ്ടെത്തുന്നുണ്ട്.
ഇത് പുറത്തറിഞ്ഞതോടെയാണ് സഹായം പ്രഖ്യാപിച്ചത് കേന്ദ്ര മന്ത്രി രംഗത്തെത്തിയത്. തുടര്‍ന്ന് സംഗീതയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറന് അറിയിച്ചു. ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി സംസ്ഥാന സ്പോര്‍ട്സ്പേഴ്സണ്‍സ് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. കുടുംബത്തിന് സ്ഥിര വരുമാനം ഉറപ്പിക്കാന്‍ സംഗീതയെ ഫുട്ബോള്‍ പരിശീലകയായി നിയമിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.



