ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ ആഗ്രഹിച്ചിട്ടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2024ലെ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയാവും എന്ന റിപ്പോർട്ടുകളെയും അദ്ദേഹം നിഷേധിച്ചു. സിപി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സി.പി.എം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
‘എനിക്ക് ചെറുപ്പകാലം മുതൽ സി.പി.എമ്മുമായി ബന്ധമുണ്ട്. ഇടത് പാർട്ടികളും കോൺഗ്രസും മറ്റ് പ്രാദേശിക പാർട്ടികളും ഒന്നിച്ച് പ്രതിപക്ഷം രൂപീകരിക്കേണ്ട സമയമാണിത്. എല്ലാവരും ഒത്തുചേർന്നാൽ വലിയ നേട്ടമുണ്ടാകും’ -അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നിതീഷ് ഡൽഹിയിലെത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നിതീഷ് കുമാർ ഇന്ന് കൂടികാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.



