ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും കാലതാമസത്തേയും വിമർശിച്ച് ശശി തരൂർ എം.പി. ഡൽഹി വിമാനത്താവളത്തിൻറെ പ്രവർത്തനം ശരിയായ രീതിയിലല്ലെന്ന് വിമർശിച്ച അദ്ദേഹം വിമാനത്താവളത്തിൽ കാലതാമസം നേരിട്ടിട്ടും തനിക്ക് തിരുവനന്തപുരത്തെത്തി കൃത്യസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കഴിഞ്ഞതായി എക്സിൽ കുറിച്ചു.

‘ശരിയായ രീതിയിൽ പ്രവർത്തനങ്ങൾ നടക്കാത്ത ഡൽഹി വിമാനത്താവളത്തിലെ കാലതാമസങ്ങൾക്കിടയിലും എന്റെ മണ്ഡലത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കൃത്യസമയത്ത് തിരുവനന്തപുരത്ത് എത്താൻ സാധിച്ചു.’ പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തരൂർ എക്സിൽ കുറിച്ചു.

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി മോദി ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്, തുടക്കം മുതൽ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്ന പദ്ധതിയാണിത്. തരൂർ പറഞ്ഞു.

കാറ്റിനെ തുടർന്ന് ഏപ്രിൽ 29 വരെ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല. ഡൽഹി വിമാനത്താവള അധികൃതർ തരൂരിന്റെ വിമർശനത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.