കെയ്റോ: ഹിജാബ് പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചതിന്റെ പേരിൽ രാജ്യത്തെ പ്രശസ്ത നടിയെ അറസ്റ്റ് ചെയ്ത് ഇറാൻ. ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. തരേന അലിദുസ്തിയെയാണ് അറസ്റ്റ് ചെയ്തത്. ഓസ്കാർ അവാർഡ് നേടിയ ദ സെയിൽസ്മാൻ സിനിമയിൽ അലി ദുസ്തിയാണ് അഭിനയിച്ചത്.
ഇറാനിലെ പ്രതിഷേധക്കാർ പിന്തുണയറിയിച്ച് അലിദുസ്തി ഇൻസ്റ്റഗ്രാമിൽ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാൾ കളിക്കാർ, സിനിമ താരങ്ങൾ എന്നിവരെയെല്ലാം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
തന്റെ അവകാശവാദങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ അലിദുസ്തിക്ക് കഴിഞ്ഞില്ലെന്നും അതിനാൽ അവരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. പ്രകോപനപരമായ ഉള്ളടക്കത്തിന്റെ പേരിൽ നിരവധി പേരെ ഇറാൻ ഭരണകൂടം വിളിച്ചു വരുത്തിയിരുന്നു.



