പത്തനംതിട്ട: സാഹസികമായി പിന്തുടർന്ന പോലീസിനെ വെട്ടിച്ച് ജീപ്പ് ഉപേക്ഷിച്ച് കൊടുംക്രിമിനൽ രക്ഷപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയാണ് പത്തനംതിട്ടയിൽവെച്ച് രക്ഷപ്പെട്ടത്. ഇയാൾക്കൊപ്പം ജീപ്പിലുണ്ടായിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയോട് മേലധികാരികൾ വിശദീകരണം തേടി.
പത്തനംതിട്ടയ്ക്ക് വരാൻ അടൂരിൽ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിർത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥയുെട വിശദീകരണം. തന്റെ വാഹനത്തിൽ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നെന്ന് ഇവർ പറഞ്ഞതായും വിവരമുണ്ട്. മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ്. മേലുദ്യോഗസ്ഥർ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് 42 ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പിൽ അടൂർഭാഗം കടന്ന് പത്തനംതിട്ടയിലേക്കുവന്നത്. ഇയാളെ നിരന്തരം പിന്തുടർന്നിരുന്ന മുണ്ടക്കയം സി.ഐയും സംഘവും പോലീസ് വാഹനത്തിൽ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരിൽനിന്ന് ജീപ്പ് അതിവേഗതയിൽ വിട്ടു.
കോളേജ് ജങ്ഷനിൽവെച്ച് നാല് വാഹനങ്ങളിൽ തട്ടി. എന്നിട്ടും നിർത്താതെ മുന്നോട്ടുപോയ ഇയാൾ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി. പോലീസും പിന്നാലെ കൂടി. എന്നാൽ റോഡ് തീർന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാൾ അപ്രത്യക്ഷനായി. നിമിഷങ്ങൾക്കകം പോലീസ് എത്തിയെങ്കിലും പിടികൂടാനായില്ല.



