കൊല്ലം: പോലീസിനെ ആക്രമിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലീസ് പുലർച്ചയോടെ പൊക്കി. കരിക്കോട് പൗർണമി നഗർ തട്ടാൻതറ വീട്ടിൽ ഗോപു ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ഇയാൾ പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ടത്.
ഗോപു ഉൾപ്പടെ മൂന്നുപേർക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് കിളികൊല്ലൂർ പോലീസ് കേസെടുത്തിരുന്നു. ഒന്നാം പ്രതി കേസിൽ ജാമ്യമെടുത്തിരുന്നു. എന്നാൽ ഗോപു ജാമ്യമെടുക്കാത്തതിനാൽ ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് വിലങ്ങുവച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി വാഹനം കാത്തുനിൽക്കുന്നതിനിടയിൽ പോലീസുകാരെ തളളി മാറ്റി പ്രതി രക്ഷപെടുകയായിരുന്നു. പുലർച്ചയോടെ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ണനല്ലൂരിൽ വച്ചാണ് ഗോപുവിനെ അറസ്റ്റ് ചെയ്തത്.
കസ്റ്റഡിയിൽനിന്ന് ഓടിപ്പോയതിനും പോലീസുകാരുടെ ജോലി തടസപ്പെടുത്തിയതിനും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തെന്ന് കിളികൊല്ലൂർ സിഐ പറഞ്ഞു.



