കൊടുംചൂടിൽ വരളുകയാണ് ലോകത്തിലെ പല സ്ഥലങ്ങളും. അതിൽ നിന്നും വിഭിന്നമല്ല ചൈനയുടെ അവസ്ഥയും. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ താമസിക്കുന്നവർ ഇപ്പോൾ ഈ കടുത്ത ചൂടിനെ നേരിടാൻ ക്രിയാത്മകമായ ചില വഴികളിലേക്ക് തിരിയുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 40C (104F) ആണ് ഇവിടെ താപനില. ചോങ്‌കിംഗിലും അയൽപ്രദേശമായ സിച്ചുവാനിലും ഉള്ളവർ ചൂടിൽ നിന്ന് അഭയം തേടാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി ഭൂഗർഭ ബങ്കറുകളിലേക്കും ഗുഹാ റെസ്റ്റോറന്റുകളിലേക്കും പോകുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. 

ഈ കൊടുംചൂട് ചൈനയിൽ വരൾച്ച രൂക്ഷമാക്കി. പ്രവിശ്യകളിലെ ചില ട്രെയിൻ സ്റ്റേഷനുകൾ വൈദ്യുതി ലാഭിക്കുന്നതിനായി അവരുടെ ലൈറ്റുകൾ പലതും ഡിം ചെയ്യുകയാണ്. ചോങ്‌കിംഗിലെ ഇരുട്ട് നിറഞ്ഞ ട്രെയിനുകളിൽ ഇരിക്കുകയും, ഇരുണ്ട തെരുവുകളിലൂടെ നടക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

വൈദ്യുതി ലാഭിക്കുന്നതിനായി, സിചുവാനിലെ സർക്കാർ ഓഫീസുകളോട് എയർ കണ്ടീഷനിംഗ് നില 26C-യിൽ കുറയാതെ നിലനിർത്താൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം ചോങ്‌കിംഗിലെ അധികൃതർ വ്യാവസായിക സ്ഥാപനങ്ങളോട് കുറഞ്ഞത് വ്യാഴാഴ്ച വരെ അവരുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഉത്തരവിട്ടിരിക്കയാണ്.