കോട്ടയം: തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയില്‍. പേ വിഷബാധയ്ക്കെതിരായ 3 പ്രതിരോധ കുത്തിവയ്പുകളും കുട്ടി എടുത്തിരുന്നു. കണ്ണിലടക്കം കടിയേറ്റ അഭിരാമിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. റാന്നി സ്വദേശി ഹരീഷിന്റെ മകള്‍ അഭിരാമിയുടെ(12) സ്ഥിതി ഗുരുതരമായതോടെയാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
രണ്ടാഴ്ച മുമ്പാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം. പാല് വാങ്ങാന്‍ പോയ അഭിരാമിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലും ശരീരത്തുമായി നായയുടെ 9-ലധികം കടികള്‍ ഏറ്റിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതോടെ വീട്ടുകാര്‍ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നാണ് ആദ്യത്തെ വാക്സിന് എടുക്കുന്നത്. 2 വാക്സിന് പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് നല്‍കിയത്. നാലാമത്തെ വാക്സിന് ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകിട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.



