തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ കേസിന്‍റെ വിചാരണയ്ക്കിടെ പരാതിക്കാരനെ ‘പേപ്പട്ടി’ എന്നു വിളിച്ചെന്ന ആരോപണത്തിനു മറുപടി നൽകി ലോകായുക്ത. ഇഫ്താർ വിവാദം അടിസ്ഥാനരഹിതമാണെന്നും വിരുന്നിൽ പങ്കെടുത്താൽ അനുകൂല വിധിയെന്ന ചിന്ത അധമമാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ലോകായുക്ത ഒരു കേസുമായി ബന്ധപ്പെട്ട് വാർത്തക്കുറിപ്പ് ഇറക്കുന്നത്.
കോടതിയിൽ കേസ് നടക്കുമ്പോൾ പരാതിക്കാരനും കൂട്ടാളികളും സമൂഹ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യമാണ് ചൂണ്ടിക്കാട്ടിയത്. ഇതിനൊക്കെ മറുപടി പറയാത്തത് വിവേകം കൊണ്ടാണ്. വിവേകപൂർണമായ പ്രതികരണത്തിന് ഉദാഹരണത്തിലൂടെയാണ് മറുപടി നൽകിയതെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. ‘വഴിയിൽ പേപ്പട്ടി നിൽക്കുന്നത് കണ്ടാൽ ഒഴിഞ്ഞു പോകുന്നതാണ് നല്ലത്’ എന്നാണ് പറഞ്ഞത്. പരാതിക്കാരന്‍റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേർന്ന് ആ തൊപ്പി ലോകായുക്തയുടെ ശിരസിൽ വച്ചതാണെന്നും വിമർശിച്ചു. മാത്രമല്ല കക്ഷികളുടെ ഇഷ്ടത്തിനനുസരിച്ച് ഉത്തരവിടാൻ ജഡ്ജിമാർക്കാവില്ലെന്നും കുറിപ്പിൽ പറയുന്നു.



