തൃശ്ശൂർ: കുട്ടിപ്പുലിയടക്കം നാല് പുലികൾക്ക് പുലിക്കണ്ണ് വരച്ചാണ് മുൻ എം.പി. കൂടിയായ നടൻ സുരേഷ്ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തത്. തുടർന്ന് പുലിത്താളത്തിനൊപ്പം ഇളകിയാടിയ പുലിച്ചുവടുകളിൽ ലയിച്ചുനിൽക്കുകയും ചെയ്തു. എല്ലാവർക്കും ഓണാശംസയും നേർന്നു.
വലിയ ആഘോഷങ്ങൾ ഇനിയുണ്ടാകില്ലെന്നു കരുതിയ സ്ഥലത്തുനിന്നുള്ള തിരിച്ചുവരവാണ് ഈ പുലിക്കളി ഉൾപ്പെടെയുള്ളവയെന്ന് അദ്ദേഹം പറഞ്ഞു.
ശക്തൻ പുലിക്കളിസംഘമാണ് മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുലിക്കളിയുടെ പ്രചാരണം ലക്ഷ്യംവെച്ചായിരുന്നു പരിപാടി. പുലിക്കളിയുടെ അണിയറപ്രവർത്തനങ്ങൾ എല്ലാവർക്കും അറിയാനുള്ള അവസരം ഒരുക്കുകകൂടിയായിരുന്നു ലക്ഷ്യം.
ചടങ്ങിൽ കൗൺസിലർ റെജി ജോയ് ചാക്കോള അധ്യക്ഷനായി. ബേബി പി. ആന്റണി, സജീവൻ കുട്ടംകുളങ്ങര എന്നിവർ പ്രസംഗിച്ചു. അഞ്ചാംക്ലാസുകാരൻ പുതൂർക്കര സ്വദേശി ആദിൻ അനുരാജ്, വെളിയന്നൂർ സ്വദേശികളായ കദിരേശൻ, പരമു, പാട്ടുരായ്ക്കൽ സ്വദേശി സന്തോഷ് എന്നിവരാണ് പുലികളായത്.



