കോട്ടയം: മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നടയ്ക്കല്‍ സ്വദേശി അറഫ നഗര്‍ അമീന്‍ യൂസഫാണ് സ്റ്റേഷനില്‍ ഹാജരായത്. ഇയാളെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഈരാറ്റുപേട്ട പരിസരത്ത് ജോര്‍ജിനെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നതുപോലെ തല്ലുമെന്നായിരുന്നു ആദ്യ വീഡിയോയില്‍ ഇയാളുടെ ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ ജോര്‍ജ് പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.

താന്‍ ജിഹാദിയോ എസ്.ഡി.പി.ഐയോ അല്ലെന്നും ഓര്‍മവച്ച കാലം തൊട്ട് നല്ലൊരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്നും വീശദീകരിച്ചു കൊണ്ടായിരുന്നു രണ്ടാമത്തെ വീഡിയോ. ഈ വീഡിയോയില്‍ ജോര്‍ജിനോട് മാപ്പ് പറയണമെങ്കില്‍ തന്റെ ശ്വാസം നിലയ്ക്കണമെന്നും യുവാവ് വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ, അവര്‍ തന്നെ എന്തു ചെയ്താലും നേരിടാന്‍ തയ്യാറാണെന്നും, ജനിച്ചുവളര്‍ന്ന ഈരാറ്റുപേട്ടയില്‍ ഇറങ്ങാന്‍ ഏതെങ്കിലും വിവരം കെട്ടവന്റെ അനുവാദം വേണ്ടെന്നും ജോര്‍ജ് പ്രതികരിച്ചിരുന്നു. “വെല്ലുവിളി മുഴക്കിയവര്‍ക്കെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ?.ഇവനെയൊക്കെ തല്ലി മര്യാദ പഠിപ്പിക്കാന്‍ അറിയാം. ദേഹത്ത് തൊട്ടാല്‍ ഒന്നിനെയും ബാക്കിവെച്ചേക്കില്ല. ഈ പട്ടികളെ ഭയമില്ല. തട്ടിക്കളയും, കൊന്നുകളയുമെന്നൊക്കെ നിരവധി ഭീഷണികള്‍ വരുന്നുണ്ട്. നെറ്റ് കോളാണ് എല്ലാം. അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ. വിളിക്കുന്നിടത്ത് ചെല്ലാന്‍ തയ്യാറാണ്. തല്ലുന്നതൊന്ന് കാണട്ടെ”- ഇതായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.

ഈരാറ്റുപേട്ടയിലൂടെ നടന്നു പോകുന്നുണ്ട്. എനിക്ക് പേടിയില്ല. എന്താ ഇവര്‍ ചെയ്യുന്നത് എന്നൊന്ന് കാണട്ടെ. വെറുതെ വീഡിയോയില്‍ പറയാനല്ലാതെ ഇവന് എന്തിനു പറ്റുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.