‘ന്നാ താൻ കേസ് കൊട് ‘ സിനിമയുടെ വിജയത്തിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് സിനിമയുമായി ചേർന്നുപ്രവർത്തിച്ച ഒരുകൂട്ടം പുതുമുഖ അഭിനേതാക്കളാണ്. കാസർകോട്ടെ വഴിയോരങ്ങളിൽനിന്ന് പ്രാദേശികഭാഷയും പറഞ്ഞ് ബിഗ് സ്ക്രീനിലേക്ക് കയറിവന്ന ഒട്ടേറെപ്പേരെ സിനിമയിൽ കാണാം. ഇക്കൂട്ടത്തിൽ പ്രേക്ഷകമനസ്സിൽ ശക്തമായി ഇടംനേടിയ കഥാപാത്രമാണ് സിനിമയിലെ മജിസ്ട്രേറ്റ്. കാസർകോട് ഉദിനൂർ സെൻട്രൽ സ്കൂളിലെ റിട്ട. ഹിന്ദി അധ്യാപകനാണ് മജിസ്ട്രേറ്റിന്റെ വേഷത്തിലെത്തിയ പി.പി. കുഞ്ഞികൃഷ്ണൻ. ആദ്യസിനിമതന്നെ വലിയവിജയമായതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.

‘സിനിമയുടെ കാസ്റ്റിങ് കോൾ കണ്ടാണ് ഫോട്ടോ അയച്ചത്. മൂന്നുതവണയായി അഭിമുഖം നടന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോഴും ഇത്തരത്തിൽ പ്രാധാന്യമുള്ള വേഷമാകും ലഭിക്കുകയെന്ന് പ്രതീക്ഷിച്ചിരുന്നില്ല” -കുഞ്ഞികൃഷ്ണൻ പറഞ്ഞു. നാടകാഭിനയത്തിന്റെ ബലത്തിലാണ് കുഞ്ഞികൃഷ്ണൻ സിനിമയിലേക്കിറങ്ങുന്നത്. കാസർകോട് തടിയൻകൊവ്വലാണ് നാട്, പ്രദേശത്തെ മനീഷ തിയേറ്റേഴ്സിനൊപ്പം ചേർന്ന് തെരുവുനാടകങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്ത് സിനിമാഭിനയത്തിന് കരുത്തായി.

ക്ലബ്ബിന്റെ വാർഷികോത്സവത്തിനും ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബോധവത്കരണകലാജാഥകളിലും സാക്ഷരതാമിഷന്റെ അക്ഷരകലാജാഥയിലും അഭിനയിച്ച അനുഭവങ്ങൾ ഏറെയുണ്ട്. നിലവിൽ തടിയൻകൊവ്വൽ ഒമ്പതാംവാർഡിലെ മെമ്പറാണ് കുഞ്ഞികൃഷ്ണൻ.