നോ പാർക്കിങ് മേഖലയിൽ കാർ പാർക്ക് ചെയ്തുവെന്ന കാരണത്തെ ചൊല്ലി ഇറ്റാലിയൻ വംശജയായ ഡിജെയും ഇന്ത്യൻ യുവതിയും തമ്മിൽ വാക്പോര്. മുംബൈയിലാണ് സംഭവം. താൻ നടന്നു നീങ്ങുന്ന വഴിയിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്തുവെന്ന കാരണത്തെ ചൊല്ലിയാണ് ഡിജെയായ ഒല്ലി എസ്സെയും യുവതിയും തമ്മിൽ വാക്കേറ്റം ഉണ്ടായത്. നടപ്പാതയിൽ കാർ പാർക്ക് ചെയ്യാൻ ഒരുങ്ങുകയായിരുന്ന യുവതിയുടെ അശ്രദ്ധ മൂലം തനിക്ക് അപകടം സംഭവിക്കേണ്ടതായിരുന്നു എന്ന് സംഭവം വിവരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ട്വിറ്റർ കുറിപ്പിൽ ഒല്ലി പറയുന്നു.
നടപ്പാത മുഴുവൻ വഴിയോര കച്ചവടക്കാർ കയറിയിരിക്കുന്നതിനാൽ റോഡിലേക്ക് ഇറങ്ങിയാണ് ആളുകൾക്ക് നടന്നു പോകാൻ സാധിക്കുന്നത്. എന്നാൽ പാർക്കിങ് നിരോധിത മേഖലയായിട്ടും ഇവിടെ നിരവധി കാറുകൾ പാർക്ക് ചെയ്തിരിക്കുന്നത് ഒല്ലി പങ്കുവച്ച വിഡിയോയിൽ കാണാം. നടപ്പാതയിൽ തന്നെയാണ് യുവതിയും കാർ പാർക്ക് ചെയ്തിരിക്കുന്നത്. താൻ നടക്കുന്നതിനിടെ പിന്നിലേക്ക് എടുത്ത കാർ തന്റെ ശരീരത്തിൽ മുട്ടുമെന്ന് തോന്നിയതോടെ ശബ്ദം ഉണ്ടാക്കി എന്നും എന്നാൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവതി അത് കേട്ടില്ലെന്നുമാണ് ഒല്ലിയുടെ പക്ഷം.
ഒടുവിൽ കാർ ഇടിക്കാതിരിക്കാനായി ഒല്ലി അതിന്റെ പിൻ ഭാഗത്ത് തൊഴിച്ച് ശബ്ദം ഉണ്ടാക്കിയതോടെയാണ് യുവതി സംഭവം അറിഞ്ഞത്. ഇതോടെ പുറത്തേക്കിറങ്ങി വന്ന യുവതിയുമായി ഒല്ലി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കാർ പാർക്ക് ചെയ്യാൻ മറ്റൊരു ഇടമില്ലെന്നും ഇതേ രീതിയിൽ പാർക്ക് ചെയ്തിരിക്കുന്ന മറ്റു വാഹനങ്ങളുടെ ഉടമകളോട് എന്തുകൊണ്ടാണ് തർക്കിക്കാത്തത് എന്നുമായിരുന്നു യുവതിയുടെ മറു ചോദ്യം. തന്റെ കാറിൽ ചവിട്ടിയതിനെതിരെയും യുവതി ക്ഷോഭിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ തനിക്ക് അപകടമുണ്ടാകാതിരിക്കാനായാണ് കാറിൽ ചവിട്ടിയത് എന്ന് ഒല്ലി മറുപടിയും നൽകുന്നുണ്ട്.
ഇത്തരം സംഭവങ്ങൾ പരാതിപ്പെട്ടാൽ അതിന്റെ കാര്യഗൗരവം മറ്റുള്ളവർക്ക് മനസ്സിലാവില്ല എന്ന് അറിയാവുന്നതിനാലാണ് താൻ ദൃശ്യങ്ങൾ പകർത്തിയത് എന്നും ഡിജെ പറയുന്നു. മുംബൈ പൊലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇവരുടെ ട്വിറ്റർ പോസ്റ്റ്. സംഭവം ശ്രദ്ധ നേടിയതോടെ പൊലീസിന്റെ ഉപദേശപ്രകാരം ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ ഒല്ലി കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, വാഹനം പാർക്ക് ചെയ്യാൻ സാധിക്കാത്ത വിധത്തിൽ കച്ചവടക്കാർ റോഡ് കയ്യേറിയതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നം എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. സാധാരണ ഗതിയിൽ ഇത്തരം തർക്കങ്ങൾ ആളുകൾ ലാഘവത്തോടെയാണ് എടുക്കുന്നത് എന്നും ഒല്ലി ചെയ്തതുപോലെ നിയമം ലംഘിക്കുന്നവർക്കെതിരെ പരാതി കൊടുത്താൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കും എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.